ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന സംശയത്തെത്തുടര്ന്ന് ജാര്ഖണ്ഡിലും ഉത്തര്പ്രദേശിലും ദേശീയ സുരക്ഷാ ഏജന്സിയുടെ റെയ്ഡ്.
പരിശോധനയ്ക്കൊടുവില് 19കാരനായ അലിഗഢ് മുസ്ലീം സര്വകലാശാലയിലെ വിദ്യാര്ഥിയെ എന്ഐഎ അറസ്റ്റ് ചെയ്തു.
ഐഎസ് ബന്ധം സംശയിക്കുന്ന അഞ്ച് പേരെ ബെംഗളൂരുവില് നിന്ന് എന്ഐഎ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
നിരോധിത തീവ്രവാദ സംഘടനയിലെ അംഗമെന്ന് ആരോപിക്കപ്പെടുന്ന യുവാവിനെതിരേ ഏജന്സി ബുധനാഴ്ച (ജൂലൈ 19) എഫ്ഐആര് ഫയല് ചെയ്തു.
യുപിയിലെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി (എഎംയു) വിദ്യാര്ത്ഥിയായ ഫൈസാന് അന്സാരി എന്ന ഫായിസ് ആണ് അറസ്റ്റിലായത്.
ജാര്ഖണ്ഡിലെ ലോഹര്ദാഗ ജില്ലയിലെ ഇയാളുടെ വീട്ടിലും അലിഗഢിലെ വാടക മുറിയിലും ജൂലൈ 16, 17 തീയതികളില് എന്ഐഎ നടത്തിയ പരിശോധനയില് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഐസിസ് ബന്ധം വ്യക്തമാക്കുന്ന വസ്തുക്കളും രേഖകളും കണ്ടെടുത്തു.
എന്ഐഎ പറയുന്നതനുസരിച്ച്, ഫൈസാന് തന്റെ കൂട്ടാളികള്ക്കും മറ്റ് അജ്ഞാതരായ വ്യക്തികള്ക്കും ഒപ്പം ഇന്ത്യയിലെ ഐസിസ് പ്രവര്ത്തനങ്ങളെ പിന്തുണയ്ക്കാനും സോഷ്യല് മീഡിയയിലൂടെ സംഘടനയുടെ പ്രചാരണം നടത്താനും ഗൂഢാലോചന നടത്തിയിരുന്നു.
ഐഎസിനു വേണ്ടി ഇന്ത്യയില് ഭീകരാക്രമണം നടത്തുക എന്നതായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യമെന്നും എന്ഐഎ കൂട്ടിച്ചേര്ത്തു.
ഫൈസാനും കൂട്ടാളികളും ഐസിസുമായി ബന്ധം പുലര്ത്തിയിരുന്നതായി അന്വേഷണത്തില് തെളിഞ്ഞിട്ടുണ്ട്. കേഡര് ബേസ് വര്ധിപ്പിക്കുന്നതിനായി ”നവ-പരിവര്ത്തിതരെ” റിക്രൂട്ട് ചെയ്യുന്ന പ്രക്രിയയിലും അദ്ദേഹം സജീവമായി ഏര്പ്പെട്ടിരുന്നു.
ആക്ടിവിസ്റ്റുകളെ റിക്രൂട്ട് ചെയ്യുന്നതില് മാര്ഗനിര്ദേശം നല്കുന്ന വിദേശികളായ ഐസിസ് ഹാന്ഡ്ലര്മാരുമായും ഫൈസാന് ബന്ധപ്പെട്ടിരുന്നതായി എന്ഐഎ അറിയിച്ചു.
മറ്റ് ഐസിസ് അംഗങ്ങള്ക്കൊപ്പം, യുവാവ് അക്രമ പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു.
ഇന്ത്യന് ശിക്ഷാ നിയമം (ഐപിസി), നിയമവിരുദ്ധ പ്രവര്ത്തനം (പ്രിവന്ഷന്) ആക്ട് (യുഎപിഎ) എന്നിവയുടെ പ്രസക്തമായ വകുപ്പുകള് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.