ചരിത്രം തിരുത്തിക്കുറിക്കുന്ന വിധിയുമായി ബോംബെ ഹൈക്കോടതി. വിവാഹ മോചനത്തിനു ശേഷം ഭര്‍ത്താവിന് ഭാര്യയില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.
വരുമാന മാര്‍ഗമില്ലെന്നു പരാതിപ്പെട്ട മുന്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചു.
സ്കൂള്‍ അധ്യാപികയാണ് കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യയോ ഭര്‍ത്താവോ എന്ന വിവേചനമില്ലാതെ ദാരിദ്ര്യമുള്ള ജീവിത പങ്കാളിക്ക് ജീവനാംശം ആവശ്യപ്പെടാമെന്നാണ് ജസ്റ്റിസ് ഭാരതി ഡാംഗ്ര ചൂണ്ടിക്കാണിച്ചത്.
2015 ലാണ് ഇവര്‍ വിവാഹമോചിതരായത്. 1992ലായിരുന്നു വിവാഹം. ഭാര്യയുടെ അപേക്ഷ പ്രകാരമായിരുന്നു വിവാഹമോചനം.
ഭാര്യയില്‍ നിന്നു പ്രതിമാസം 15,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് കീഴ്ക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി തീര്‍പ്പാകും വരെ പ്രതിമാസം 3,000 രൂപ ഭര്‍ത്താവിനു നല്കാന് കീഴ്ക്കോടതി ഉത്തരവിട്ടു.
ഇതിനെതിരേ ഹൈക്കോടതിയിലെത്തിയ അധ്യാപിക, ഭര്‍ത്താവിന് ഇതര വരുമാനമാര്‍ഗങ്ങളുണ്ടെന്നു വാദിച്ചു.
എന്നാല്‍, വിവാഹമോചനം തന്നെ കടുത്ത നിരാശയിലേക്കു നയിച്ചെന്നും ജോലി ചെയ്യാനാകാത്ത വിധം അനാരോഗ്യമുണ്ടെന്നുമുള്ള ഭര്‍ത്താവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.