പത്തനാപുരം: അലിമുക്ക് -അച്ചന്‍കോവില്‍ പാത തകര്‍ച്ചയില്‍. ബസ് സര്‍വീസും, സമാന്തര സര്‍വീസുകളും നിലച്ചു. ഇതേതുടർന്ന് പ്രദേശവാസികള്‍ ദുരിതത്തില്‍ ആയി. അലിമുക്ക് മുതൽ അച്ചൻകോവിൽ വരെയുളള 40 കിലോമീറ്റർ പാതയാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്.
വനം മന്ത്രി റോഡിന്റെ അറ്റകുറ്റപണികൾക്കും ടാറിംഗിനുമായി 18 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികളെങ്ങുമെത്തിയില്ല. ശബരിമല തീർഥാടകരും പത്തനാപുരം, പത്തനംതിട്ട, കുന്നിക്കോട്, പുന്നല എന്നീ ഭാഗങ്ങളിൽ നിന്നും യാത്രക്കാർ അച്ചൻകോവിലിൽ ക്ഷേത്രത്തിലും മറ്റും പോകാനായി ആശ്രയിക്കുന്ന റോഡാണിത്.
ദേശീയപാതയ്ക്ക് സമാന്തരമായി കിഴക്കൻ മേഖലയിലൂടെയുളള ഗതാഗതം സുഗമമാക്കാനായി വനംവകുപ്പും എസ് എഫ് സി കെ യും സംയുക്തമായാണ് റോഡ് നിർമ്മിച്ചത്. പാതയിൽ കറവൂർ മുതൽ മുളളുമല വരെയും ചെമ്പനരുവി മുതൽ അച്ചൻകോവിൽ വരെയുമാണ് വനംവകുപ്പ് നിർമ്മിച്ചത്.
മുളളുമല മുതൽ ചെരിപ്പിട്ടക്കാവ് വരെയുളള പാത എസ് എഫ് സി കെ യുടെ നിയന്ത്രണത്തിൽ ഉളളതാണ്. ഇതിൽ തൊടീകണ്ടം, കോട്ടക്കയം, ചെരുപ്പിട്ട കാവ്, കൂട്ടുമുക്ക്, കച്ചറ, മുള്ളു മല, ചെമ്പനരുവി ഭാഗങ്ങളാണ് കാൽനടയാത്ര പോലും ദുസഹമായ രീതിയിൽ തകർന്നിട്ടുള്ളത്.
റോഡിന് ഓടസംവിധാനം ഇല്ലാത്തതിനാൽ ശക്തമായ മഴയിൽ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. പലഭാഗങ്ങളിലും നാട്ടുകാർ കല്ലുകൾ അടുക്കിയാണ് വാഹനഗതാഗതം സാധ്യമാക്കുന്നത്. അച്ചൻകോവിൽ സ്കൂൾ, ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ദിവസേന നിരവധി ആളുകളാണ് എത്തുന്നത്. റോഡിന്റെ തകർച്ച കാരണം ആകെയുള്ള ബസ് സർവീസ് മിക്ക ദിവസവും എത്താറില്ല.
ആദിവാസി മേഖലയിൽ ഉൾപ്പെടെ ആർക്കെങ്കിലും രോഗം വന്നാൽ തകർന്ന റോഡിലൂടെ കിലോമീറ്റർ ദൂരം സഞ്ചരിച്ച് പുനലൂരോ പത്തനാപുരത്തോ ആശുപത്രിയിൽ എത്തിക്കേണ്ട ഗതികേടിലാണ്. അത്യാവശ്യ ഘട്ടങ്ങളിൽ കൂടുതൽ പണം നൽകി സമാന്തര സർവിസിനെ ആശ്രയിക്കേണ്ട ഗതികേടാലാണ് നാട്ടുകാർ. ഇതു വഴിയുള്ള ദുരിതം കാരണം ഭൂരിഭാഗം യാത്രക്കാരും തെങ്കാശി വഴി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് അച്ചൻകോവിലിൽ എത്തുന്നത്.
കുംഭാവുരുട്ടി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുളള ആളുകളും ഈ പാതയിലൂടെയാണ് കടന്ന് പോകുന്നത്. പാതയിൽ നിന്നും മെറ്റിലുകൾ പൂർണമായും ഇളകിമാറിവലിയ കുഴികൾ രൂപാന്തരപെട്ടിരിക്കയാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യസംഭവമായിരിക്കുന്നു. കെഎസ്ആർടിസി ബസുകൾ സർവീസ് മുടക്കുന്നത് വിദ്യാർഥികളെയും തൊഴിലാളികളേയും ബുദ്ധിമുട്ടിലാക്കുന്നു.
തകർച്ച കാരണം സമാന്തര വാഹനങ്ങളും ഇതുവഴി സർവീസ് നടത്താൻ മടിക്കുകയാണ്. നിരവധി തവണ റോഡ് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിവേദനങ്ങൾ നൽകിയിരുന്നു. മേഖലയില്‍ നിന്നും പുനലൂര്‍, പത്തനാപുര പ്രദേശങ്ങളിലെ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനം പോലും മുടങ്ങുന്ന സ്ഥിതിയാണ്. വനം മന്ത്രിയുടെ ഉറപ്പ് ഫലവത്താകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.