കൊല്ലം: മഴവെള്ളം കെട്ടിനിൽക്കുന്നത് എലിപ്പനി പടരുന്നതിന് കാരണമാകാനിടയുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.വി. ഷേർളി അറിയിച്ചു ലെപ്റ്റോ സ്പൈറ എന്ന രോഗാണുവാണ് എലിപ്പനിക്ക് കാരണമാകുന്നത്. എലി, പശു, പട്ടി, പൂച്ച തുടങ്ങിയവയിൽ രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ മൂത്രത്തിലെ രോഗാണു അശുദ്ധമായ വെള്ളത്തിലൂടെയും മണ്ണിലൂടെയും മനുഷ്യ ശരീരത്തിലെത്തുന്നു.
ശരീരത്തിൽ മുറിവുള്ളപ്പോൾ ചേറിലും ചെളിയിലും ജോലി ചെയ്യുന്നതും മലിന ജലവുമായി സന്പർക്കമുണ്ടാകുന്നതും രോഗാണു കലർന്ന ആഹാരവും ജലവും ഉപയോഗിക്കുന്നതും രോഗകാരണമാകുന്നു.പനി, കടുത്ത തലവേദന, ഇടുപ്പിലും മാംസപേശികളിലും കഠനിമായ വേദന, കണ്ണിന് ചുവപ്പ് നിറം, മൂത്രത്തിന് മഞ്ഞ നിറം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.
രോഗം ഗുരുതരമായാൽ മരണം സംഭവിക്കും. എലിപ്പനിക്കെതിരെ ഫലപ്രദമായ ഡോക്സിസൈറ്റിൻ എന്ന മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. തൊഴിലുറപ്പ് ജീവനക്കാരും പാടത്ത് പണിയെടുക്കുന്നവരും മൃഗങ്ങളുമായി സന്പർക്കം പുലർത്തുന്നവരും രോഗപ്രതിരോധത്തിനായി കൈയുറകളും ഗംബൂട്ടുകളും ഉപയോഗിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണം.
കുടിക്കുവാൻ തിളപ്പിച്ചാറ്റിയതോ ക്ലോറിനേറ്റ് ചെയതതോ ആയ വെള്ളം മാത്രം ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി മാത്രമേ ഉപയോഗിക്കാവൂ. വ്യക്തിശുചിത്വം പാലിക്കുവാനും ശ്രദ്ധിക്കണം. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ എലിപ്പനി സംശയിക്കാം. സ്വയം ചികിത്സ ഒഴിവാക്കി, സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ഡി.എം.ഒ നിർദേശിച്ചു