ബത്തേരിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ആലിപ്പഴവര്‍ഷം. റോഡും, മുറ്റവും, ടെറസ്സുമെല്ലാം ആലിപ്പഴം കൊണ്ട് നിറഞ്ഞു. ആരുടെ ഓര്‍മ്മയിലും ഇത്തരത്തില്‍ ഒരാലിപ്പഴവര്ഷം ഇല്ല. തിങ്കളാഴ്ച വൈകുന്നേരം പെയ്ത മഴക്കൊപ്പമാണ് കനത്ത ആലിപ്പഴ വര്‍ഷവുമുണ്ടായത്. വലുപ്പമുള്ള ആലിപ്പഴങ്ങളാണ് വീണത്. റോഡരികിലും തോട്ടത്തിലുമെല്ലാം ഇവ കൂടിക്കിടന്നു. കല്ലുവയല്‍, അമ്മായിപ്പാലം, റാട്ടക്കുണ്ട്, മണിച്ചിറ എന്നിവിടങ്ങളിലായി മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് ആലിപ്പഴം പെയ്തത്.
ഇതിനുമുമ്പ് 2014ലാണ് ആലിപ്പഴം പെയ്തതെന്ന് അമ്പലവയല്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് അറിയിച്ചു. അന്ന് ചെറിയ ആലിപ്പഴമായിരുന്നു. ഇത്തവണ ജില്ലയില്‍ പലയിടത്തും ആലിപ്പഴം പെയ്തു. എന്നാല്‍, ഏറ്റവും വലുപ്പമുള്ള ആലിപ്പഴം വീണത് ബത്തേരിയിലാണ്. വലിയ ശബ്ദത്തോടെ വീടിനു മുകളിലേക്ക് ഇവ വീണത് വീട്ടിനുള്ളിലുള്ളവരെ ഭീതിയിലാക്കി. ഓടുകള്‍ക്കും ഷീറ്റുകള്‍ക്കും കേട്പാട് സംഭവിക്കുകയും ചെയ്തു.