സ്വന്തം ലേഖകൻ
തൃശൂർ/ ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ച് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായും ഒരാൾ കസ്റ്റഡിയിലുള്ളതായും സൂചന. ഇരിങ്ങാലക്കുട ഈസ്റ്റ് കോന്പാറ കൂനൻ വീട്ടിൽ പരേതനായ പോൾസന്റെ ഭാര്യ ആലീസിനെയാണ്(58) ഇന്നലെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകം മോഷണത്തിന് വേണ്ടിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ആലീസ് അണിഞ്ഞിരുന്ന എട്ടു സ്വർണവളകൾ കാണാതായിട്ടുണ്ട്. എന്നാൽ മാലയും കമ്മലും നഷ്ടപ്പെട്ടിട്ടില്ല. വള മുറിച്ചെടുത്തതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ധാരാളം സ്വർണാഭരണം ധരിക്കുന്ന രീതിയായിരുന്നുവത്രെ ആലീസിന്റേത്. ലൗബേർഡ്സിനെ വളർത്തുകയും വിൽപന നടത്തുകയും ചെയ്യുന്ന ആലീസിനെ കാണാൻ ഇന്നലെ രണ്ടു പേർ വന്നിരുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം മുന്നോട്ടു പോകുകയാണ്.
വിൽപനയുമായി ബന്ധപ്പെട്ട് രണ്ടുപേർ വരുന്നുണ്ടെന്ന കാര്യം ആലീസ് മകളോട് ഇന്നലെ പറഞ്ഞിരുന്നതായി സൂചനയുണ്ട്. ഇവർ ആരൊക്കെയാണെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ആലീസിന്റെ ഫോണ് വിളികളുടെ വിശദാംശങ്ങളും പോലീസ് പരിശോധിക്കും.
ഇന്നലെ കൊലനടന്ന വീട്ടിൽ കർട്ടൻ വിൽപനയ്ക്ക് ഒരാളെത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മലയാളിയാണ് ഇയാൾ. കർട്ടനുകളുമായി എത്തിയ ഇയാൾ ആലീസിന്റെ വീട്ടിൽ കയറിയ ശേഷം പിന്നീട് എവിടേക്കും പോയിട്ടില്ലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇവിടെ കയറുംമുമ്പ് മറ്റു ചില വീടുകളിൽ പോയിരുന്നുവെന്നും പോലീസിന് മനസിലായിട്ടുണ്ട്. സമീപത്തെ വീടുകളിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പോലീസിന് മനസിലായത്.
വീടിന്റെ സ്വീകരണമുറിയുടെ തൊട്ടപ്പുറത്തെ മുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. വീട്ടിലെത്തിയ ആരെയോ ഡ്രോയിംഗ് റൂമിലിരുത്തി സംസാരിക്കുന്നതിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കരുതുന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ മുറിയിൽവച്ച് കൊല നടക്കുകയായിരുന്നുവെന്നും പോലീസ് കരുതുന്നു.ഇന്നുരാവിലെ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് നായ മണംപിടിച്ച് അടുത്തുള്ള അറവുശാലവരെ ചെന്ന് തിരിച്ചുവന്നു. ഭർത്താവിന്റെ മരണശേഷം ആലീസ് തനിച്ചാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. നാലു മക്കളുള്ള ആലീസിന്റെ മകൻ ഇംഗ്ലണ്ടിലാണ്. മറ്റു മൂന്ന് പെണ്മക്കൾ വിവാഹം കഴിഞ്ഞ് ഭർതൃവീടുകളിലുമാണ്.മക്കൾ: ധന്യ, സ്മിത, സീമ, അന്തോണീസ്. മരുമക്കൾ: നിക്സണ്, ബോബി, ബൈജു, സ്റ്റെഫി.
രാത്രിയിൽ സഹായിയായി കിടക്കാൻ സമീപത്തെ വീട്ടിലെ സ്ത്രീ വരാറുണ്ട്. അവർ ഇന്നലെ വൈകീട്ട് വന്നപ്പോൾ വാതിൽ പുറമേനിന്നു താഴിട്ടതായാണ് കണ്ടത്. വാതിൽ തുറന്നു നോക്കിയപ്പോഴാണ് വീടിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ആലിസിനെ കണ്ടത്. ഉടൻ നാട്ടുകാരെ വിളിച്ചു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മാർക്കറ്റിൽ ഇറച്ചിവ്യാപാരിയായിരുന്ന കൂനൻ പോൾസൻ രണ്ടുവർഷംമുന്പാണ് മരിച്ചത്. വീടുമായി ബന്ധമുള്ള പുറത്തുള്ളവരെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. അന്യസംസ്ഥാനക്കാരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. കസ്റ്റഡിയിലെടുത്തിരിക്കുന്നയാൾക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. ചോദ്യം ചെയ്യൽ തുടരുകയാണെന്നാണ് സൂചന.
തൃശൂർ ജില്ലാ പോലീസ് സൂപ്രണ്ട് വിജയകുമാരൻ സ്ഥലം സന്ദർശിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേയ്മസ് വർഗീസ്, സിഐ പി.ആർ ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. വീടിനു സമീപത്തെ സിസി ടിവി കാമറകൾ പരിശോധിച്ചും തെളിവുകൾ ശേഖരിക്കുന്നുണ്ട്.