വാഷിംഗ്ടൻ: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് വനിതാ സംഘത്തിന് നേതൃത്വം നൽകിയ അമേരിക്കൻ യുവതിക്ക് വിർജീനിയ കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചു.
കാൻസസ് സ്വദേശിയായ അലിസൺ ഫ്ലൂക് എക്രെനെയാണ് ഭീകരവാദക്കുറ്റം ചുമത്തി ശിക്ഷിച്ചത്.
സിറിയയിലെ റഖാ മേഖലയിൽ വനിതാ പോരാളികളുടെ സായുധ കേന്ദ്രത്തിന്റെ സ്ഥാപകയാണ് എക്രെയ്ൻ.
പ്രായപൂർത്തിയാകാത്ത കുട്ടികളുൾപ്പെടെയുള്ളവർക്ക് ആയുധ പരിശീലനം നൽകുകയും ചാവേർ ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു എക്രെയ്ൻ.
അമേരിക്കയിൽ ഭീകരാക്രമണം നടത്താനും ഇവർ പദ്ധതിയിട്ടിരുന്നു. അമേരിക്കയിൽ സ്കൂൾ അധ്യാപികയായിരുന്ന എക്രെയ്ൻ 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ് കാലിഫേറ്റ് എന്ന ആശയത്തിൽ ആകൃഷ്ടയായി രാജ്യം വിട്ടയാളാണ്.
അധികാരത്തോടുള്ള അഭിനിവേശം മൂലമാണ് ഇവർ അമേരിക്ക വിട്ടതെന്നും “ഐഎസ് ചക്രവർത്തിനി’ എന്ന് വിശേഷിക്കപ്പെട്ടിരുന്ന ഇവരുടെ ക്രൂരതകൾ വനിതാ ക്യാന്പിൽ വെളിവായെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
സ്വന്തം മക്കളെയടക്കം ക്രൂര പീഡനത്തിനും മർദനത്തിനും ഇരയാക്കിയിരുന്ന എക്രെയ്ൻ, കോടതിയിൽ ഭീകരപ്രവർത്തനങ്ങളെ ന്യായീകരിക്കുകയും നിസാരവൽക്കരിക്കുയും ചെയ്ത ശേഷം കുറ്റസമ്മതം നടത്തുകയായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ തളർച്ചയ്ക്ക് ശേഷം പിടിയിലായ ഇവരെ 2022 ജനുവരിയിൽ വിചാരണയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുവരികയായിരുന്നു.