ഗ്ലാമർ താരത്തേക്കാൾ താൻ ഇഷ്ടപ്പെടുന്നത് ഒരു കോമഡി താരം ആകാനാണെന്ന ആഗ്രഹം തുറന്നു പറഞ്ഞത് ബോളിവുഡ് നായിക ആലിയ ഭട്ട്. ഒരു സിനിമയിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് കോമഡിയാണ്. മാത്രമല്ല സിനിമാ നടീനടന്മാരെക്കാൾ ഏറ്റവുമധികം ആളുകൾക്കിഷ്ടം കോമഡി താരങ്ങളെ ആണ്.ഇന്നത്തെ കാലത്ത് ഗ്ലാമറസ് വേഷങ്ങൾക്കു വേണ്ടി മത്സരം നടക്കുന്നതിനിടെയാണ് തനിക്ക് ഒരു കോമഡി താരം ആവണമെന്ന ആഗ്രഹം ആലിയ തുറന്നു പറഞ്ഞിരിക്കുന്നത്.
മാർച്ച് പത്തിന് റിലീസിനെത്തുന്ന റോമാന്റിക് കോമഡി ചിത്രമായ ബദ്രീനാഥ് കീ ദുൽഹനിയയിൽ താരം കോമഡി കഥാപാത്രമായിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി രംഗത്തെത്തിയപ്പോഴായിരുന്നു ആലിയയുടെ ഈ പരാമർശം. ചിത്രത്തിലെ നായകനായ വരുണ്‍ ധവാൻ കോമഡി കഥാപാത്രത്ത നന്നായി കൈകാര്യം ചെയ്തെന്നും താൻ അദ്ദേഹം ആ റോൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നിരീക്ഷിച്ചിരുന്നതായും താരം പറയുന്നു.
സിനിമയിൽ താൻ അഭിനയിക്കാൻ താത്പര്യം തോന്നിയത് ഗോവിന്ദയെയും കരിഷ്മ കപൂറിനെയും കണ്ടിട്ടാണെന്നും അവർ തമ്മിലുള്ള കൂട്ടുകെട്ട് വളരെ രസകരമാണെന്നും താരം പറയുന്നു. മാത്രമല്ല കരീന കപൂർ, ജുഹി ചൗള, മാധുരി ദീക്ഷിത്, ശ്രീദേവി തുടങ്ങിയവരെല്ലാം കോമഡി കഥാപാത്രങ്ങളെ മനോഹരമായി ചെയ്യുന്നവരാണെന്നും ആലിയ പറയുന്നു.