ബോളിവുഡിന്റെ സ്വീറ്റ്ഹാർട്ട് ആലിയ ഭട്ടിനെ കണ്ടാൽ ബ്രാൻഡ് കോണ്‍ഷ്യസ് ആണെന്നു തോന്നുമെങ്കിലും അങ്ങനെയല്ല എന്നതാണ് സത്യമെന്ന് ആലിയ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. വില കൂടിയ വസ്ത്രങ്ങളോടോ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളോടോ ആലിയയ്ക്ക് താത്പര്യമില്ല. “”പൊങ്ങച്ചം കാട്ടുന്ന പ്രൈസ് ടാഗുകളെക്കാൾ എനിക്കിഷ്ടം സ്വന്തം ശരീരത്തിനിണങ്ങുന്ന വസ്ത്രങ്ങളാണ്. പക്ഷേ ബാഗുകളും ഷൂസും വാങ്ങുന്പോൾ ഞാൻ മികച്ച ബ്രാൻഡുകളാണ് തെരഞ്ഞെടുക്കുക. കാരണം അവ ഒരുപാടു നാൾ ഉപയോഗിക്കേണ്ടതല്ലെ? പലപ്പോഴും വലിയ വില കൊടുത്തു വാങ്ങുന്ന വസ്ത്രങ്ങൾ എന്റെ അലമാരയിൽ തന്നെ ഇരിക്കാറാണ് പതിവ്.” ആലിയ പറയുന്നു.
ആമസോണ്‍ ഇന്ത്യ ഫാഷൻ വീക്കിൽ പങ്കെടുക്കുകയായിരുന്നു താരം. നമ്രത ജോഷിപുരയുടെ ഷോ സ്റ്റോപ്പറായി റാംപിൽ എത്തിയപ്പോൾ എങ്ങനെയുണ്ടായിരുന്നു എന്നു ചോദിച്ചപ്പോൾ താനൊരു മികച്ച മോഡൽ അല്ലെന്നും പക്ഷേ റാംപിൽ ചുവടുകൾവയ്ക്കാൻ ഇഷ്ടമാണെന്നുമായിരുന്നു പ്രതികരണം. റണ്‍ബീറിനൊപ്പമുള്ള ഡ്രാഗണും റണ്വീറിനൊപ്പമുള്ള ഗള്ളി ബോയിയുമാണ് ഈ വർഷം റിലീസിനൊരുങ്ങുന്ന ആലിയയുടെ സിനിമകൾ.