ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ബാഹുബലിയൊരുക്കിയ രാജമൗലി തെലുങ്ക് സിനിമയിലെ സൂപ്പര്‍താരങ്ങളായ ജൂണിയര്‍ എന്‍ടിആറിനെയും രാം ചരണ്‍ തേജയെയും നായകന്മാരാക്കിയാണ് ആര്‍ആര്‍ആര്‍ ഒരുക്കിയത്.
ഇതിനടകംതന്നെ പല കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിയ ആര്‍ആര്‍ആര്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്.
തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ നായകന്മാരായി എത്തിയ ചിത്രത്തിലെ നായിക ബോളിവുഡിലെ സൂപ്പര്‍ നായികയായ ആലിയ ഭട്ട് ആണ്.
ആലിയയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ആര്‍ആര്‍ആര്‍. ചിത്രത്തില്‍ സീത എന്ന നായികവേഷത്തിലാണ് ആലിയ എത്തുന്നത്. ആലിയയുടെ പ്രകടനവും കൈയടി നേടുന്നുണ്ട്.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആലിയ ഭട്ട് സംവിധായകന് രാജമൗലിയുമായി പിണക്കത്തിലാണെന്നാണ്.
രാജമൗലിയെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍നിന്ന് ആലിയ അണ്‍ഫോളോ ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതായാണു റിപ്പോര്‍ട്ടുകള്‍.
രാജമൗലിയുടെ ചില തീരുമാനങ്ങളിൽ ആലിയ അസ്വസ്ഥയാണെന്നും ഇതാണ് പ്രശ്നത്തിനു കാരണമായതെന്നുമാ ണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആലിയ ഭട്ടിന്റെ ആദ്യ തെലുങ്ക് സിനിമയെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു താരത്തിന്റെ ആരാധകര്‍ ചിത്രത്തിനായി കാത്തിരുന്നത്.
ആലിയയുടെ വരവ് സിനിമയ്ക്ക് ബോളിവുഡിലും സ്വീകാര്യത കൂട്ടാന്‍ കാരണമായിരുന്നു. ചിത്രത്തിന്റെ പ്രമോഷന് പരിപാടികളിലെല്ലാം ആലിയയും ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ ആലിയയുടെ ഭാഗങ്ങള്‍ വെട്ടിക്കുറച്ചുവെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ആലിയയുടെ കഥാപാത്രത്തിനു കഥയില്‍ വേണ്ടത്ര പ്രാധാന്യമോ സ്ക്രീന്‍ സ്പെയ്സോ നല്‍കിയില്ലെന്ന വിമര്‍ശനം നിരൂപകരും ആരാധകരും ഉയര്‍ത്തിയിരുന്നു.
തന്റെ രംഗങ്ങള്‍ വെട്ടിക്കുറച്ചതും നായകന്മാരുടെ പിന്നില്‍ നില്ക്കുന്ന പ്രധാന്യം കുറഞ്ഞ കഥാപാത്രമാക്കി മാറ്റിയെന്നതുമാണ് ആലിയയുടെ പിണക്കത്തിന്റെ കാരണമായി പറയുന്നത്.
നേരത്തെ സമാനമായ രീതിയില്‍ ബാഹുബലിയില്‍ നിന്നും തമന്നയുടെ രംഗങ്ങള്‍ വെട്ടിക്കുറച്ചതിനെതിരേയും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
ആദ്യ ഭാഗത്തിലെ നായികയായിരുന്ന തമന്നയുടെ കഥാപാത്രത്തിന് രണ്ടാം ഭാഗത്തില്‍ തീരെ രംഗങ്ങളുണ്ടായിരുന്നില്ല. ഇത് താരത്തിന്റെ ആരാധകരെ വലിയ തോതില്‍ വിഷമിപ്പിച്ചിരുന്നു.
സമാനമായ അവസ്ഥയാണ് ആലിയയെ പോലൊരു സൂപ്പര്‍ താരത്തിനും നേരിടേണ്ടി വന്നിരിക്കുന്നതെന്നാണു വിലയിരുത്തലുകള്‍.