കുറവിലങ്ങാട്: ഭക്ഷണം വേണമെങ്കില്‍ വേണ്ടെന്നുവയ്ക്കാം. പക്ഷേ, ദീപിക രാവിലെ വായിക്കണം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, വര്‍ഷങ്ങളായ പതിവാണ്.
പാലയ്ക്കല്‍ തറവാട്ടിലെ വീട്ടിലിരുന്ന് 105 പിന്നിട്ട ഏലിക്കുട്ടിയമ്മ മാസങ്ങള്‍ക്ക് മുൻപ് പറഞ്ഞ വാക്കുകളാണിത്. ജീവിതത്തിന്റെ അവസാനനാളുകളില്വരെ ദീപിക വായന ശ്വാസവായുപോലെ കാത്തുസൂക്ഷിച്ചിരുന്ന ഏലിക്കുട്ടിയമ്മ ഇന്നലെ നിത്യയാത്രയായി.
കേവലം പത്രവായനിയില് മാത്രം ഒതുങ്ങുന്നതല്ല പാലയ്ക്കല്‍ കുടുംബത്തിന്റെ ദീപിക ബന്ധം. മക്കളിലൊരാള്‍ ദീപിക ഏജന്റായി നാട്ടില്‍ സജീവസാന്നിധ്യമാണ്.
ഏലിക്കുട്ടിയമ്മയുടെ പേരക്കുട്ടികളിലും ഈ ദൃഢബന്ധം ശക്തമാണ്. മരുമക്കളിലൊരാള്‍ മരണംവരെ പതിറ്റാണ്ടുകളോളം ദീപികയുടെ ഏജന്‍സിയിലൂടെ വാര്‍ത്താവിതരണ രംഗത്ത് നാട്ടിലെ പ്രധാന മുഖമായിരുന്നു.
വീട്ടില്‍ മറ്റ് പ്രസിദ്ധീകരണങ്ങളുണ്ടെങ്കിലും ദീപിക വായിക്കുന്നതില്‍ അമ്മയ്ക്ക് വലിയ ആവേശമായിരുന്നുവെന്ന് മക്കളും പേരക്കുട്ടികളും ഓര്‍മിക്കുന്നു.
പത്രവായന സ്ഥിരമാക്കിയിരുന്നതിനാല് ആനുകാലിക സംഭവവികാസങ്ങളെല്ലാം ഈ അമ്മയ്ക്ക് വ്യക്തമായിരുന്നു. കണ്ണടയില്ലാതെ ഉച്ചത്തില്‍ പത്രംവായിക്കുന്ന മുത്തശി ഇളംതലമുറയ്ക്കും വലിയ ആവേശമായിരുന്നു.
കരിമരുന്ന് കലാപ്രകടനത്തിലൂടെ ശ്രദ്ധനേടിയിട്ടുള്ള പാലക്കീല്‍ കുടുംബത്തിലെ നാലുതലമുറകളിലെ മുതിര്‍ന്ന കണ്ണിയാണ് ഏലിക്കുട്ടിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായിട്ടുള്ളത്. ഇന്നു രാവിലെ 11.30ന് കുറവിലങ്ങാട് പള്ളിയിലാണ് ഏലിക്കുട്ടിയമ്മയുടെ സംസ്കാരം.