ബർമിംഗ്ഹാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യയുടെ സൈന നെഹ്വാൾ പുറത്തായി. ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ തായി സു യിംഗാണ് സൈനയെ വീഴ്ത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സൈനയുടെ പരാജയം. തായ്വാൻ താരത്തിന്റെ കൃത്യതയ്ക്കും വേഗത്തിനും ഒപ്പമെത്താൻ കഴിയാതിരുന്ന സൈന 14-21, 18-21 എന്ന സ്കോറിനു തോൽവി സമ്മതിച്ചു.
അഞ്ചു വർഷത്തിനിടെ തുടർച്ചയായ എട്ടാം തവണയാണ് തായ്വാൻ താരത്തോട് സൈന പരാജയപ്പെടുന്നത്. ആദ്യ റൗണ്ടിൽ തുടക്കത്തിൽ തന്നെ പിന്നിലായ സൈനയ്ക്കു യിംഗിന്റെ അടുത്തെത്താൻപോലുമായില്ല. രണ്ടാം സെറ്റിൽ തിരിച്ചുവരവിന് സൈന ശ്രമിച്ചെങ്കിലും തായ്വാൻ താരം 18-21 ന് മത്സരം സ്വന്തമാക്കി.
2009-ന് ശേഷം ഇതാദ്യമായാണ് സൈന ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്താകുന്നത്.