കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ 22 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും.
പ്രവർത്തന ചെലവിന് ആനുപാതികമായി ചാർജ് വർധിപ്പിക്കുക, മിനിമം ചാർജ് 10 രൂപയും കിലോമീറ്ററിന് 80 പൈസയുമാക്കുക, വിദ്യാർഥികൾക്ക് മിനിമം ചാർജ് അഞ്ചു രൂപയും കണ്സഷൻ 50 ശതമാനവുമാക്കുക, സ്വാശ്രയ കോളജിലെ വിദ്യാർഥികൾക്ക് സ്വകാര്യ ബസുകളിലെ യാത്രാസൗജന്യം നിർത്തലാക്കുക, ആർടിഒ നൽകുന്ന കാർഡ് ഉപയോഗിച്ച് കെഎസ്ആർടിസിയിലും വിദ്യാർഥികൾക്ക് കണ്സഷൻ അനുവദിക്കുക, സ്വകാര്യ ബസുകളുടെ ഇൻഷ്വറൻസ് സർക്കാർ ഏറ്റെടുക്കുക, വാഹന നികുതിയിൽ നിന്നും സ്വകാര്യ ബസുകളെ ഒഴിവാക്കുകയും ഡീസലിനു സബ്സിഡി അനുവദിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാലത്തേക്കു സർവീസ് നിർത്തിവയ്ക്കുന്നത്.
സ്വകാര്യ ബസുകൾ നിരത്തിലിറക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും ഭീമമായ ഡീസൽ വിലവർധനവിനു പുറമേ സ്പെയർ പാട്സുകൾ, ഓയിൽ, ടയറുകൾ തുടങ്ങി എല്ലാ സാധനങ്ങൾക്കുമുള്ള വില വർധന താങ്ങാൻ സാധിക്കാത്ത സാഹചര്യമാണെന്നും ഓർഗനൈസേഷൻ ഭാരവാഹികൾ പറഞ്ഞു.