യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി.
യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കുന്ന കാര്യം ധാരണയായി. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുന്നത്.
നേരത്തേ യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് റഷ്യന്‍ സ്ഥാനപതി വ്യക്തമാക്കിയിരുന്നു.
ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ മനുഷ്യകവചമായി യുക്രൈന് ഉപയോഗിക്കുന്നതായി റഷ്യ ആരോപിച്ചു.
യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്ന് റഷ്യന്‍ സ്ഥാനപതി ഇന്ത്യയോട് അഭ്യര്‍ഥിച്ചു. അതിനിടെ, യുക്രൈന് രക്ഷാദൗത്യം ചര്‍ച്ച ചെയ്യാന്‍ മോദി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.
യുക്രൈനിലെ നഗരങ്ങളില്‍ കനത്ത ഷെല്ലാക്രമണം നടക്കുകയാണെന്നും ഇരുപതിനായിരത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും യുക്രൈന് അറിയിച്ചു.
അതേസമയം, ഖാര്‍ക്കീവിലെ ഇന്ത്യക്കാര്‍ അടിയന്തരമായി നഗരം വിടണമെന്ന മുന്നറിയിപ്പിന്റെ സമയപരിധി അവസാനിച്ചു.
യുക്രൈന് സമയം വൈകിട്ട് ആറിന് മുന്‍പ് സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറാനായിരുന്നു എംബസിയുടെ നിര്‍ദ്ദേശം.