പുല്‍വാമയില്‍ 40ലധികം ഇന്ത്യന്‍ ജവാന്മാരുടെ ജീവനെടുത്ത ജെയ്‌ഷെ ഭീകരര്‍ക്ക് 12 ദിവസത്തിനു ശേഷം ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്‍കിയപ്പോള്‍ ശ്രദ്ധാകേന്ദ്രമായത് ഇന്ത്യന്‍ യുദ്ധവിമാനങ്ങളിലെ വജ്രായുധം എന്നറിയപ്പെടുന്ന മിറാഷ് വിമാനവും.ഇന്ന് പുലര്‍ച്ചെയാണ് പാക് അധീന കശ്മീരിലെ ഭീകരതാവളം ആക്രമിച്ച് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് താവളവുമുണ്ടെന്നാണ് സൂചനകള്‍. ആയിരം കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു വ്യോമസേനയുടെ മിന്നലാക്രമണം. ആക്രമണം നടത്താന്‍ ഉപയോഗിച്ച മിറാഷ്-2000 ചില്ലറക്കാരനല്ല. ഇന്ത്യന്‍ പോര്‍വിമാനങ്ങളിലെ വജ്രായുധമെന്നാണ് മിറാഷിനെ വിശേഷിപ്പിക്കുന്നത്. വജ്ര എന്നാണ് വ്യോമസേന നല്‍കിയിരിക്കുന്ന നാമകരണം.
ഫ്രഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. ഡാസോ ഏവിയേഷന്‍ കമ്പനിയാണ് ഈ വിമാനം നിര്‍മിക്കുന്നത്. നാലാം തലമുറയില്‍ പെട്ട യുദ്ധവിമാനമായാണ് ഇത് കണക്കാക്കുന്നത്. 1965ല്‍ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സംയുക്ത സംരംഭമായാണ് മിറാഷ് 2000ന്റെ നിര്‍മാണം ആരംഭിക്കുന്നതെങ്കിലും പിന്നീട് ചിലവ് താങ്ങാനാകാഞ്ഞതിനാല്‍ ഫ്രാന്‍സ് പിന്മാറുകയായിരുന്നു. പിന്നീട് ബ്രിട്ടന്‍ ജര്‍മനിയുടെയും ഇറ്റലിയുടെയും സഹകരണത്തോടെ വിമാനനിര്‍മാണവുമായി മുമ്പോട്ടു പോകുന്ന ഘട്ടത്തിലാണ് വിമാനത്തിന്റെ രൂപകല്‍പ്പനയിലേക്ക് ഫ്രഞ്ച് കമ്പനിയായ ഡാസോ കടന്നു വരുന്നത്.
പിന്നീട് 1972ല്‍ ഡെല്‍റ്റ 1000 എന്ന പദ്ധതിയിലൂടെ ഡാസോ മിറാഷ് 2000 വിമാനം വീണ്ടും രംഗത്തിറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പിന്നീട് മിറാഷിന്റെ വിവിധ പതിപ്പുകള്‍ കമ്പനി പുറത്തിറക്കിയെങ്കിലും ഇന്നു കാണുന്ന തരത്തിലുള്ള മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ 1982ലാണ് പുറത്തിറങ്ങുന്നത്. ബോര്‍ഡോ,മാര്‍ട്ടിഗ്നാസ്,ആര്‍ജന്റൈല്‍ എന്നീ മൂന്നു സ്ഥലങ്ങളിലായാണ് വിമാനത്തിന്റെ വിവിധ ഭാഗങ്ങള്‍ നിര്‍മിക്കുന്നത്.
എണ്‍പതുകളില്‍ തന്നെയാണ് ഈ കോംപാക്ട് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും മിറാഷ് ആയിരുന്നു. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന് 6.3 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 14.36 മീറ്റര്‍ നീളവും 5.20മീറ്റര്‍ ഉയരവും 9.13മീറ്റര്‍ വിങ്സ്പാനുമുള്ള വിമാനത്തിന് ഒരു സൈനികനെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്.
നിലവില്‍ എം2000 എച്ച്, എം2000ടിഎച്ച്, എം2000ഐടി എന്നീ ശ്രേണികളിലായി ഏകദേശം 50 മിറാഷ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. 2030 ല്‍ ഇതില്‍ ഒട്ടുമിക്ക വിമാനങ്ങളും വിരമിക്കും. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ഹിമാലയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതും മിറാഷ് വിമാനങ്ങളാണ്. ലേസര്‍ ബോംബുകള്‍,ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവയടക്കം 6.3 ടണ്‍ ഭാരം വഹിക്കാന്‍ മിറാഷിന് ശേഷിയുണ്ട്.
14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവുമുള്ള മിറാഷിന്റെ ചിറകുകളുടെ നീളം 9.13 മീറ്ററാണ്. ദൃശ്യപരിധിക്കപ്പുറമുള്ള മിസൈല്‍ ശേഷി, ലേസര്‍ ബോംബ് വാഹകശേഷി, സാറ്റ്‌ലൈറ്റ് നാഹവിഗേഷന്‍ സിസ്റ്റം എന്നിവയും പ്രത്യേകതകള്‍.സ്‌നെക്മ എം 53-പി2 ടര്‍ബാഫാന്‍ എന്‍ജിനാണ് മിറാഷ് 2000 പോര്‍വിമാനത്തിന്റെ കരുത്ത്. മണിക്കൂറില്‍ 2336 കിലോമീറ്റര്‍ വേഗതിയില്‍ വരെ മിറാഷ് കുതിക്കും. ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ വഹിക്കുന്ന ഇന്ത്യയുടെ ഒരേയൊരു പോര്‍വിമാനവും ഇതാണ്.