കൊച്ചി: ശ്രീവത്സം ഗ്രൂപ്പ് ഉടമ എംകെആര്‍ പിള്ള കോടീശ്വരനായത് സൈന്യത്തിന്റെ പണം അടിച്ചുമാറ്റി. ഇത് വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തുവന്നു. നാഗാലാന്‍ഡിന്റെ വികസനത്തിനു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 1000 കോടി രൂപ പന്തളം സ്വദേശി എംകെആര്‍ പിള്ളയുടെ ശ്രീവല്‍സം ഗ്രൂപ്പ് തട്ടിയെടുത്തതായി ആദായനികുതി വകുപ്പു നടത്തിയ പരിശോധനയില്‍ കണ്ടെത്തി. നാഗാലാന്‍ഡിലെ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പങ്കാളികളായ അഴിമതി അന്വേഷിക്കാന്‍ സിബിഐക്കു ശുപാര്‍ശ ചെയ്തു. നാഗാലാന്‍ഡ് മന്ത്രിമാരും കേസില്‍ കുടുങ്ങിയേക്കും.
കേരളത്തിലെ ആദായനികുതി ഉദ്യോഗസ്ഥര്‍ നാഗാലാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് 1000 കോടിയുടെ അഴിമതി പുറത്തുവന്നത്. അതിര്‍ത്തി സംസ്ഥാനമായ നാഗാലാന്‍ഡിലെ സുരക്ഷ സംബന്ധിച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച തുകയാണു പദ്ധതി നടപ്പാക്കാതെ വ്യാജ റിപ്പോര്‍ട്ടുകളുണ്ടാക്കി പലപ്പോഴായി ശ്രീവല്‍സത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടത്. ഈ തുക വിനിയോഗിച്ചു എംകെആര്‍ പിള്ളയും കുടുംബാംഗങ്ങളും കേരളത്തില്‍ റിയല്‍ എസ്‌റ്റേറ്റ്, ജൂവലറി, വസ്ത്രവ്യാപാരം എന്നിവയാണു നടത്തുന്നത്. നാഗാലാന്‍ഡ് പൊലീസിലെ റിട്ട.ഡപ്യൂട്ടി സൂപ്രണ്ടായ എംകെആര്‍ പിള്ളയുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു വിവിധ അക്കൗണ്ടുകളില്‍ നിന്നു 300 കോടി രൂപ എത്തിയതിന്റെ രേഖകള്‍ ആദായ നികുതി വകുപ്പു ശേഖരിച്ചു. സര്‍വീസില്‍നിന്നു വിരമിച്ച ശേഷവും ഇയാളെ പൊലീസ് ആസ്ഥാനത്തു താല്‍ക്കാലിക ജോലിയില്‍ നിയമിച്ചിരുന്നു.
നാഗാ പോലീസ് വാഹനങ്ങളുടെ ചുമതല ലഭിച്ചത് പിള്ള ശരിക്കും മുതലാക്കി. നാഗാലാന്‍ഡ് പൊലീസിന്റെ വാഹനങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കേരളത്തില്‍ വന്നുപോയതായും അന്വേഷണത്തില്‍ കണ്ടെത്തി. കേന്ദ്രഫണ്ടു തിരിമറിയില്‍ പങ്കാളികളായ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും പരിശോധനകളോടു പൂര്‍ണമായി സഹകരിക്കാത്ത സാഹചര്യത്തിലാണു കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആദായനികുതി വിഭാഗം ആവശ്യപ്പെട്ടത്. ശ്രീവത്സം ഗ്രൂപ്പിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ മാത്രമാണ് ആദായനികുതി വകുപ്പ് പരിശോധിച്ചത്.
ഇതില്‍ നിന്നു തന്നെ അഴിമതിയുടെ വലിപ്പം 1000 കോടിയിലധികമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാഗാലാന്‍ഡിലെ 150 ബാങ്ക് അക്കൗണ്ടുകളില്‍നിന്നു ശ്രീവല്‍സം ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്കു പണം മാറ്റിയിട്ടുണ്ട്. കൊഹിമ, ദിമാപൂര്‍ എന്നിവിടങ്ങളിലെ മൂന്നു ബാങ്കുകളും എംകെആര്‍ പിള്ളയുടെയും സാഹായികളുടെയും വീടുകളും ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സമീപകാലത്തു നാഗാലാന്‍ഡില്‍ നടന്ന ഏറ്റവും വലിയ സാമ്പത്തിക കുംഭകോണമാണിത്. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തട്ടിപ്പില്‍ പങ്കാളികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ നാഗാലാന്‍ഡിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണം കേസിലെ പ്രധാനപ്പെട്ട പല രേഖകളും പരിശോധിക്കാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞില്ല. പല വലിയ മീനുകളെയും ഉടന്‍ വലയിലാക്കാമെന്നു തന്നെയാണ് പോലീസിന്റെ പ്രതീക്ഷ.