തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ ഒരു യുവമന്ത്രിയും പാക് വനിതാ സുഹൃത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം. പാക് യുവതിയുമായി മന്ത്രി ഒരു രാത്രി ചെലവഴിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇദ്ദേഹം നടത്തിയ യാത്രകളെക്കുറിച്ച് കേന്ദ്ര സംസ്ഥാന ഇന്റലിജന്റ്റ് ബ്യൂറോകള്‍ ഒരേ സമയം അന്വേഷണം നടത്തുകയാണ്.
ദുബായ് യാത്രയ്ക്ക് പുറമേ അടിക്കടി ഇദ്ദേഹം നടത്തിയ മറ്റ് വിദേശയാത്രകളെല്ലാം അന്വേഷണ പരിധിയിലുണ്ട്. മന്ത്രിയായിരുന്നപ്പോഴും അതിനുമുമ്പും ശേഷവും സ്ഥിരമായി ഇദ്ദേഹം നടത്തിയ യാത്രകളാണ് അന്വേഷണ വിധേയമാക്കുന്നത്.
പാക് യുവതിയുമായുള്ള ബന്ധത്തില്‍ വന്‍ദുരൂഹതയാണുള്ളതെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇവരെക്കുറിച്ച് ഉന്നത തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഈ യുവതിയുടെ മറ്റ് ബന്ധങ്ങളെക്കുറിച്ച് ഇന്റര്‍പോളിന്റെ സഹായത്തോടെ കേന്ദ്രം അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. ഈ മുന്‍മന്ത്രി ഗള്‍ഫ് യാത്രയ്ക്കിടെ ഒരു രാത്രി, യുവതിയുമായി ചെലവഴിച്ചിരുന്നു. ഈ സന്ദര്‍ശനത്തില്‍ ദുരൂഹത ആരോപിച്ച് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് സംഗതി വിവാദമായി മാറിയത്.
വിദേശ സുഹൃത്തുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ ഇദ്ദേഹത്തോട് ആരായുകയും ചെയ്തിരുന്നു. യു.ഡി.എഫ്. മന്ത്രിസഭയില്‍ ഒരു ഘടകകക്ഷിയുടെ പ്രതിനിധിയായിരുന്ന ഇദ്ദേഹത്തിന്റെയും സുഹൃത്തിന്റെയും നീക്കങ്ങള്‍ കര്‍ശനനിരീക്ഷണത്തിലാണ്.
നേരത്തെയുള്ള ധാരണ പ്രകാരമാണോ കൂടിക്കാഴ്ച നടന്നത്, ഇവര്‍ക്കിടയില്‍ സൗഹൃദം മാത്രമേയുള്ളോ, ഇടനിലക്കാരായി ഏതെങ്കിലും ദല്ലാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.