മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണവുമായി അഴിയൂരില്‍ ലഹരി മാഫിയ കാരിയര്‍ ആക്കിയ പെണ്‍കുട്ടിയുടെ അമ്മ.
പോക്സോ കേസില്‍ അന്വേഷണം നടക്കുമ്പോള്‍ കേസിലെ ഇരയെ സംശയിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയതെന്ന് അവര്‍ കുറ്റപ്പെടുത്തി.
തങ്ങള്‍ നീതി ലഭിക്കാന്‍ എവിടെ പോകും ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചപ്പോള്‍ ശാസ്ത്രീയ പരിശോധന ഫലം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ അന്വേഷണം പൂര്‍ത്തിയാകൂ എന്നാണ് പറഞ്ഞത്.
അതിനിടയിലാണ് പ്രതിയാണെന്നു പറയുന്ന ആളെ നിരപരാധി ആണെന്ന് മുഖ്യമന്ത്രി പറയുന്നത്. ലഹരി മാഫിയക്ക് പിന്നില്‍ വന്‍ കണ്ണികളാണ് ഉള്ളത്.
അന്വേഷണം പൂര്‍ത്തിയാകും മുമ്പ് മുഖ്യമന്ത്രി ഇങ്ങനെ പറയുന്നത് ശരിയായില്ല. ഇരയായ കുട്ടികള്‍ മുന്നോട്ട് പരാതിയുമായി വരില്ല.
വന്നാല്‍ ഇതല്ലേ അവസ്ഥ തങ്ങളുടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. ഇങ്ങനെ ഒരു സംഭവം നടന്നാല്‍ കുട്ടിയെ സംരക്ഷിക്കുകയല്ലാതെ വിഷയം മുഴുവനായും മൂടിവെക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.
മുഖ്യമന്ത്രിയില്‍ നിന്നും നീതി കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.
അന്വേഷണം നടക്കുന്ന ലഹരി കേസിലെ പ്രതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി, അട്ടിമറിക്കാനുള്ള നീക്കമെന്ന് ആക്ഷേപം
അഴിയൂര്‍ പഞ്ചായത്ത് അംഗം സലിം അഴിയൂരും, പെണ്‍കുട്ടിയുടെ അമ്മ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
കുട്ടിയെ ലഹരിക്കടിമയാക്കിയ യുവാവിനെയും യുവതിയെയും പറ്റി പെണ്‍കുട്ടിയാണ് പോലീസിനോട് പറഞ്ഞത്.
പരാതിയുമായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആ യുവതി സ്റ്റേഷനില്‍ വന്നിരുന്നു. സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചാല്‍ ഈ കാര്യം മനസിലാകും.
സമീപത്തെ ഒരു കടയില്‍ ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നു പോലീസിനെ അറിയിച്ചിരുന്നു. അത് പരിശോധിക്കാനും പോലീസ് തയ്യാറായില്ല.
മനുഷ്യാവകാശ കമ്മീഷന് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, അത് നടക്കട്ടെ. യുവാവിന്റെ പിതാവ് മുസ്ലിം ലീഗുകാരന് എന്ന് ദേശാഭിമാനിയും മുഖ്യമന്ത്രിയും പറഞ്ഞതാണ്. യുവാവിന്റെ രാഷ്ട്രീയമെന്താണ് എന്ന് അവര്‍ മറച്ചു വെക്കുന്നുവെന്നും സലിം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന തുടരന്വേഷണത്തെ ബാധിക്കും. ആരാണ് ആഭ്യന്തര വകുപ്പിന്റെ തലവന്‍ കോടികള്‍ ചെലവഴിച്ച് ലഹരി വിരുദ്ധ ക്യാമ്പയിന് നടത്തുന്ന സര്‍ക്കാരിന്റെ തലവന്‍ തന്നെ, ഒരു പെണ്‍കുട്ടി അധ്യാപകര്‍ക്കും പോലീസിനും മാതാപിതാക്കള്‍ക്കും മുന്നില്‍ നല്കിയ മൊഴിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ അന്വേഷണത്തെ ബാധിക്കും.
കേസില്‍ കുടുംബം പറഞ്ഞ വസ്തുതകള്‍ അന്വേഷിക്കാന്‍ പോലീസ് തയ്യാറാകണം. ആത്മാര്‍ത്ഥമായ രീതിയിലുള്ള അന്വേഷണം കുടുംബത്തെയും ഇരയെയും വിശ്വാസത്തിലെടുത്ത് ചെയ്യണമെന്ന് സലീം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയിലും പോലീസിലുമായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ മുഖ്യമന്ത്രി തന്നെ ഈ നിലയില്‍ പ്രതികരണം നടത്തിയതിനാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി.