പുതുവര്‍ഷ ദിനത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന വനിതാ മതിലിനെച്ചൊല്ലി വിവാദങ്ങള്‍ കത്തുന്നു. വനിതാമതിലിനെച്ചൊല്ലി ഏറ്റവും കഷ്ടത അനുഭവിക്കുന്നത് കുടുംബശ്രീ അംഗങ്ങളാണ്. പങ്കെടുക്കുന്നവരുടെ പട്ടിക നല്‍കാത്തതിന്റെ പേരില്‍ കുട്ടനാട്ടില്‍ പ്രളയബാധിതര്‍ക്ക് വായ്പ നിഷേധിച്ചെന്ന ആരോപണത്തിന് പിന്നാലെ മലപ്പുറത്ത് കുടുംബശ്രീ പിരിച്ചുവിടുമെന്ന പ്രചരണവും സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരെ വിവാദത്തിലാക്കിയിരിക്കുകയാണ്. വനിതാമതിലിന്റെ പേരില്‍ വായ്പ നിഷേധിക്കപ്പെട്ടെന്ന ആരോപണവുമായി കുട്ടനാട്ടിലെ കൈനകരിലെ ശ്രീദുര്‍ഗ്ഗ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് വായ്പ നിഷേധിക്കപ്പെട്ടത്.
മതിലില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ പേര് ഉള്‍പ്പെട്ട പട്ടിക കൊടുത്തില്ല എന്ന കാരണം പറഞ്ഞാണ് വായ്പ നിഷേധിച്ചതെന്നാണ് ആരോപണം. എന്നാല്‍ ആരോപണം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ തള്ളി. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം പലിശരഹിത വായ്പ നല്‍കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് ഗ്രൂപ്പിലെ പത്തു പേരുടെ വിവരങ്ങളടങ്ങിയ അപേക്ഷയുമായി മായ, ഓമന എന്നിവരാണ് എത്തിയത്. എന്നാല്‍ ഇവരുടെ അപേക്ഷയില്‍ വനിതാമതിലില്‍ പങ്കെടുക്കുന്നവരുടെ പട്ടിക നല്‍കിയില്ല എന്ന കാരണം പറഞ്ഞ് ചെയര്‍പേഴ്‌സണ്‍ ഒപ്പിട്ടു കൊടുക്കാന്‍ വിസമ്മതിച്ചെന്ന് ഇവര്‍ ആരോപിക്കുന്നു.
ഡിസംബര്‍ 31 ന് അപേക്ഷ ബാങ്കില്‍ കിട്ടിയിരിക്കണം എന്നിരിക്കേ ഇവരുടെ ആരോപണം നിഷേധിച്ച് സിഡിഎസ് ചെയര്‍പേഴ്‌സണും എത്തി. ഒപ്പിടാതിരുന്നത് വനിതാമതിലിന്റെ പേരിലല്ലെന്നും കുടുംബശ്രീകള്‍ തമ്മിലുള്ള വഴക്കിന്റെ പേരിലാണെന്നുമാണ് ഇവര്‍ പറയുന്നത്. കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് വായ്പ ലഭ്യമാക്കാനുള്ള നടപടികള്‍ എത്രയും വേഗം എടുക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതിനിടയില്‍ മലപ്പുറത്ത് വനിതാമതിലില്‍ പങ്കെടുക്കാതിരിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ പിരിച്ചുവിടുമെന്ന് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞതായുള്ള വാട്‌സ്ആപ്പ് സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് നിറമരുതൂര്‍ പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധവുമായെത്തി.
മുസഌംലീഗും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് പഞ്ചായത്ത് ഉപരോധിച്ചു. കഴിഞ്ഞയാഴ്ച പങ്കെടുക്കാത്ത കുടുംബശ്രീകളുടെ പേര് തനിക്ക് നല്‍കണമെന്നും അവരെ പിരിച്ചുവിടുമെന്നും കാട്ടി ചെയര്‍പേഴ്‌സണിന്റെ ശബ്ദസന്ദേശം വാട്‌സ്ആപ്പില്‍ എത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരമൊരു വാട്‌സ് ആപ്പ് സന്ദേശം പ്രചരിച്ച സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്.വനിതാമതിലിന്റെ പേരില്‍ കുടുംബശ്രീകളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി നേരത്തേ യുഡിഎഫ് ആരോപിച്ചിരുന്നു.സ്ത്രീകളെ എല്‍ഡിഎഫ് ഭീഷണിപ്പെടുത്തി വനിതാമതിലില്‍ പങ്കെടുപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ക്ഷേമ പെന്‍ഷനുകളില്‍ നിന്നും നിര്‍ബ്ബന്ധിത പിരിവ് എടുക്കുന്നതായും വനിതാമതില്‍ ആരോപണം നേരിടുന്നുണ്ട്.