കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗിന് ഉപകരാർ ലഭിച്ച കന്പനിയുമായി തനിക്കോ മകനോ മരുമകനോ ഒരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എൻ. വേണുഗോപാൽ.
ആരോപണം കോണ്‍ഗ്രസ് പാർട്ടിക്കുള്ളിലെ ചിലരുടെ ഗൂഢാലോചനയാണ്. ഒരു അടിസ്ഥാനവുമില്ലാത്ത പ്രചാരണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ജൈവ മാലിന്യ സംസ്കരണ കരാർ ഏറ്റെടുത്ത ജി ജെ എക്കോ പവർ എന്ന കന്പനിക്കായി മുൻ യുഡിഎഫ് കൗണ്‍സിൽ അടക്കം 12 വർഷമായി മാലിന്യം ശേഖരിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
അക്കാലത്തെ ഭരണസമിതി ഇതിന് മറുപടി പറയണമെന്നാണ് വേണുഗോപാലിന്റെ ആവശ്യം. സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തനിക്കെതിരായ നീക്കത്തിൽ അന്വേഷണം ആവശ്യപ്പെടാനാണ് വേണുഗോപാലിന്റെ തീരുമാനം.
അതേസമയം ബ്രഹ്മപുരത്തെ ജൈവ മാലിന്യ സംസ്കരണ കരാർ ഏറ്റെടുത്ത സോണ്ട ഇൻഫ്രാടെക്ക് കോർപറേഷൻ അനുമതി ഇല്ലാതെയാണ് മറ്റൊരു സ്ഥാപനത്തിന് ഉപകരാർ നൽകിയതെന്ന വിഷയത്തിൽ കോർപ്പറേഷൻ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.