ബാഹുബലിയുടെ വിസ്മയ വിജയം കണ്ടതോടെ ഇത്തരം ചിത്രങ്ങളുടെ സാധ്യതകൾ കൂടുതൽ തിരയുകയാണ് സിനിമാലോകം. അതിനുദാഹരണമാണ് വ്യവസായ പ്രമുഖൻ ഡോ. ബി. ആർ. ഷെട്ടിയുടെ ആയിരം കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന മഹാഭാരതം. മഹാഭാരതത്തിന്റെ വാർത്തകൾ നിലനിൽക്കുന്പോൾ തന്നെ രാമായണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടോളിവുഡ്. 500കോടി ബജറ്റിൽ മൂന്നു നിർമാതാക്കൾ ചേർന്നൊരുക്കുന്ന സിനിമയ്ക്ക് മൂന്നു ഭാഗങ്ങളുണ്ടാകും. നമിത് മൽഹോത്ര, മധു മണ്ടേന, അല്ലു അരവിന്ദ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
ബാഹുബലിയുടെ വിജയത്തിൽ ആകുലപ്പെട്ടിരിക്കുന്ന തെലുങ്കിലെ മെഗാ കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് സിനിമയൊരുങ്ങുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ ശ്രീ രാമനായി രാം ചരണും ഹനുമാനായി അല്ലു അർജുനും വേഷമിടും. ബഹുഭാഷകളിൽ ഒരുങ്ങുന്ന സിനിമയിൽ ഇന്ത്യൻ ചലച്ചിത്രലോകത്തെ പ്രഗത്ഭർ അണിനിരക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.