ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ നരഹത്യാ കേസിൽ നടൻ അല്ലു അർജുന്റെ ജാമ്യാപേക്ഷയിൽ ഹൈദരാബാദിലെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
ഡിസംബർ 13 ന് ചിക്കട്പള്ളി പോലീസ് അറസ്റ്റു ചെയ്ത നടന് തെലുങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യമനുവദിച്ചിരുന്നു. കേസിൽ സ്വാഭാവിക ജാമ്യം ലഭിക്കാൻ കഴിഞ്ഞ മാസമായിരുന്നു അല്ലു അർജുൻ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
സന്ധ്യ തിയേറ്ററിലുണ്ടായ അനിഷ്ട സംഭവത്തിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും പോലീസിന്റെ അനുമതിയോടെയാണ് ബെനിഫിറ്റ് ഷോ കാണാൻ എത്തിയതെന്നുമാണ് നടന്റെ വാദം.
ഡിസംബർ നാലിന് തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും ഇവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) ആണ് മരിച്ചത്.
സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയറ്റർ മാനേജ്മെന്റിലെ ആളുകളെയും ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അല്ലു അർജുൻ ഉൾപ്പടെ 17 പ്രതികളാണുള്ളത്.