താരാരാധന അതിരുകടക്കുന്നു! പുതിയ സിനിമയുടെ റിലീസ് ദിവസം അല്ലു അര്‍ജുന്റെ കട്ടൗട്ടില്‍, വിരല്‍മുറിച്ച് യുവാവിന്റെ രക്താഭിഷേകം; ഞെട്ടിക്കുന്ന വീഡിയോ വൈറല്‍

ചലച്ചിത്ര താരങ്ങളോടുള്ള ആരാധന പലപ്പോഴും അതിരുകടക്കാറുണ്ട്. തങ്ങള്‍ ആരാധിക്കുന്ന വ്യക്തിയുടെ സിനിമകള്‍ ബിഗ്‌സ്‌ക്രീനിലെത്തുന്ന ദിവസം ഫാന്‍സ് അസോസിയേഷനുകള്‍ നടത്തുന്ന പ്രകടനങ്ങള്‍ താരാരാധനയുടെ അപകടകരമായ വശങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

തങ്ങളുടെ ഇഷ്ടതാരങ്ങളുടെ സിനിമകള്‍ വിജയിക്കാനും അവര്‍ക്ക് നന്മയുണ്ടാകുന്നതിനും അവരോടുള്ള ആദരവ് പ്രകടിപ്പിക്കാനും വേണ്ടി വിചിത്രമായ പല കാര്യങ്ങളും അവര്‍ ചെയ്യുന്നു. താരങ്ങളുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നത് ആരാധകരുടെ ഒരു പതിവ് രീതിയാണ്.

എന്നാല്‍ ഇപ്പോഴിതാ ചെന്നൈയിലെ ഒരു തീയേറ്ററില്‍ വിചിത്രവും ഭീതിജനകവുമായ ഒരു സംഭവം അരങ്ങേറിയിരിക്കുന്നു. അല്ലു അര്‍ജ്ജുന്‍ നായകനായ തെലുങ്ക് ചിത്രം നാ പേരു സൂര്യ എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് സംഭവം.

അല്ലു അര്‍ജുന്റെ ആരാധകരായ ഒരു കൂട്ടം യുവാക്കള്‍ വിരല്‍ മുറിച്ച് കട്ടൗട്ടില്‍ ചോര ഒഴുക്കിയാണ് സിനിമയുടെ റിലീസ് ആഘോഷിച്ചത്. രക്താഭിഷേകത്തിനു ശേഷം ‘ജയ് ബണ്ണി.. ജയ് ജയ് ബണ്ണി’ എന്ന മുദ്രാവാക്യം വിളിച്ച് യുവാക്കള്‍ തിയേറ്ററിന് മുന്നില്‍ ആര്‍പ്പുവിളിക്കുകയും ചെയ്തു.

റിലീസ് ദിനത്തോടനുബന്ധിച്ച് പാല്‍ അഭിഷേകം ചെണ്ടമേളം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുന്നത് തമിഴ്‌നാട്ടില്‍ സാധാരണ കാഴ്ചയാണെങ്കിലും രക്താഭിഷേകം ആദ്യ കാഴ്ചയാണ്. ഫാന്‍സ് അസോസിയേഷന്‍ മുഖേന യുവാക്കളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ താരങ്ങള്‍ മുന്‍ കൈ എടുക്കാത്തതും വളരെ ദൗര്‍ഭാഗ്യകരമാണ്.

പാല്‍ അഭിഷേകത്തിനായി കട്ടൗട്ടില്‍ കയറിയ ഒരു യുവാവ് വീണ് മരിച്ച സംഭവം കുറച്ചുകാലം മുമ്പ് സാക്ഷര കേരളത്തിലും അരങ്ങേറിയിരുന്നു.

 

Related posts