“നീ എന്നെയൊന്ന് അള്ളി, ഞാൻ നിന്നെയൊന്ന് മാന്തി’ അത്രേയുള്ളു. സംഗതിയുടെ കിടപ്പ് ഇത്രയേ ഉള്ളുവെങ്കിലും അത് അവതരിപ്പിച്ച വിധമാണ് അള്ള് രാമേന്ദ്രന് പ്രേക്ഷകരുടെ ഇടയിലൊരു ഇരിപ്പിടം കൊടുക്കുന്നത്.
മീശയും പിരിച്ച് സിഗരറ്റും കത്തിച്ച് കലിപ്പ് ലുക്കിൽ വരുന്ന ചാക്കോച്ചനെ കാണുന്പോൾ ചിരി ആരും പ്രതീക്ഷിക്കില്ല. പക്ഷേ, ചിരിയ ആവോളം നിറച്ചാണ് ബിലഹരി അള്ള് രാമചന്ദ്രനെ അണിയിച്ചൊരുക്കിയതെന്നുള്ളതാണ് വാസ്തവം.
തുടക്കം കാണുന്പോൾ അള്ളും രാമേന്ദ്രനും തമ്മിൽ വലിയ ബന്ധമൊന്നുമില്ലല്ലോ എന്നുള്ള തോന്നൽ ഏതൊരാൾക്കും ഉണ്ടാകും. പോകപ്പോകെ സംഗതിയുടെ കെട്ടും മട്ടും മാറാൻ തുടങ്ങും, രാമേന്ദ്രന്റെ സ്വഭാവവും. അതോടെ പ്രേക്ഷകർ ചിരിക്കാനും ആകാംക്ഷയോടെ കാത്തിരിക്കാനും തുടങ്ങും.
കുഞ്ചാക്കോ ബോബന്റെ കിടിലൻ മേക്കോവറും അഭിനയ പ്രകടനവും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആദ്യ പകുതിയിൽ പാവത്താനായ നായകൻ രണ്ടാം പകുതിയിൽ മറ്റൊരു മുഖം കാട്ടുന്നതോടെ ചിത്രം ത്രില്ലിംഗ് മൂഡിലേക്ക് വഴിമാറും. ത്രില്ലർ സ്വഭാവത്തിനുള്ളിൽ നിന്ന് ചിരിയുടെ മേലങ്കിയണിയുന്ന കൊച്ചു ചിത്രമാണ് അള്ള് രാമേന്ദ്രൻ. അധിക ചിന്തകൾക്ക് അവസരം കൊടുക്കാതെ ചിരിച്ചുരസിച്ച് ഉല്ലസിക്കാനുള്ള വകയെല്ലാം അള്ളിനുള്ളിലുണ്ട്.
ഇതെന്തൊരു അള്ള്
നാട്ടിൻപുറത്തെ സ്ഥിരം കാഴ്ചകളുമായി മുന്നോട്ടുപോകുന്ന ചിത്രത്തിൽ പോലീസുകാരനായ രാമേന്ദ്രന് അവൻ പോലും അറിയാതെ ഒരു ശത്രു ഉദയം ചെയ്യുന്നതോടെയാണ് കഥ ചൂടുപിടിച്ച് തുടങ്ങുന്നത്. നിഷ്കളങ്കനും നിരുപദ്രവകാരിയുമായ നായകനെ ഭ്രാന്ത് പിടിപ്പിക്കുന്ന അള്ള് വിദ്യയാണ് ആദ്യ പകുതിയിൽ ചിരിയും ആകാംക്ഷയും പടർത്തുന്നത്.
പലതരത്തിലുള്ള അള്ള് വയ്പ്പ് രാമേന്ദ്രന് ചുറ്റും കൂട്ടുകൂടുന്നതോടെ നായകന്റെ സ്വഭാവം മാറിത്തുടങ്ങുകയാണ്. മറ്റൊരു ട്രാക്കിൽ സംവിധായകൻ കൃഷ്ണ ശങ്കറിനെയും അപർണ ബാലമുരളിയേയും പ്രേമിക്കാൻ വിടുന്നുണ്ട്. പ്രേമം ഒരു വഴിക്കും അള്ള് വെപ്പ് മറ്റൊരു വഴിക്കും സുഗമമായി ഇങ്ങനെ പോകുന്നതിനിടയിലാണ് ട്വിസ്റ്റുകൾ ചിത്രത്തിലേക്ക് വന്നുതുടങ്ങുന്നത്.
കോമഡി ട്രാക്ക് ഭദ്രം
പോലീസ് വേഷത്തിൽ എത്തിയ സലിംകുമാറാണ് ചിരിപ്പിക്കാൻ മുൻപന്തിയിലുള്ളത്. തനത് ശൈലിയിൽ സ്വയം ചിരിച്ചുകൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ച് സലിംകുമാർ ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ്. ധർമജൻ കൃഷ്ണശങ്കറിന്റെ ചങ്ങാതിയായി എത്തി കിടിലൻ ഫുട്ബോൾ മത്സരം ചിത്രത്തിൽ കാഴ്ചവയ്ക്കുന്നുണ്ട്. അല്പം ചൂടുകൂടുതലുള്ള ധർമജന്റെ കഥാപാത്രം ചൂടാകുന്പോളെല്ലാം തീയറ്ററിൽ ചിരിയുണർന്നു.
ഫുട്ബോൾ കോച്ചായും ബ്രോക്കറായും എത്തി ഹരീഷ് കണാരൻ തന്റെ പതിവ് ശൈലിയിലുള്ള അഭിനയംകൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. നായിക ചാന്ദ്നി ശ്രീധരനാണെങ്കിലും അഭിനയ സാധ്യത കൂടുതലുള്ള വേഷം കിട്ടിയിരിക്കുന്നത് അപർണ ബാലമുരളിക്കാണ്. മിടുക്കോടെ ആ വേഷം അപർണ കൈകാര്യം ചെയ്തിട്ടുണ്ട്.
ചാക്കോച്ചൻ ആളാകെ മാറി…
രണ്ടാം പകുതിയിലെ ചാക്കോച്ചന്റെ മാറ്റമാണ് ചിത്രത്തെ ത്രില്ലർ മൂഡിലേക്ക് തള്ളിയിടുന്നത്. കലിപ്പ് ലുക്ക് തനിക്കും ഇണങ്ങുമെന്ന് ചാക്കോച്ചൻ രാമേന്ദ്രനിലൂടെ തെളിയിക്കുകയായിരുന്നു. ആദ്യ പകുതിയിൽ രാമേന്ദ്രനുള്ള അള്ള് വെപ്പാണ് കാണാൻ കഴിയുന്നതെങ്കിൽ രണ്ടാം പകുതിയിൽ നായകൻ ഒരാളെ മാന്തിപ്പൊളിക്കുന്ന കാഴ്ചയാണ് സംവിധായകൻ കാട്ടിത്തരുന്നത്.
സോഷ്യൽ മീഡിയയിലെ വിവരം കെട്ടവന്മാരെ കണക്കിനു കളിയാക്കിക്കൊണ്ടാണ് ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തെ ചിത്രത്തിൽ രൂപപ്പെടുത്തി എടുത്തിരിക്കുന്നത്. കെട്ടുറപ്പുള്ള ആദ്യപകുതിയിൽ നിന്നും പാളിച്ചകളിലേക്ക് വഴുതി വീഴുന്ന രണ്ടാം പകുതിയെ പിടിച്ച് നിർത്തുന്നത് നായകനാണ്.
പശ്ചാത്തല സംഗീതം കിടു
സുന്ദരമായൊരു പ്രണയഗാനവും പിന്നെ ആവേശം ഉണർത്തുന്ന പശ്ചാത്തല സംഗീതവും അള്ള് രാമേന്ദ്രന് സമ്മാനിച്ചത് സംഗീത സംവിധായകൻ ഷാൻ റഹ്മാനാണ്. ഗ്രാമന്തരീക്ഷ കാഴ്ചകളെ ഒപ്പിയെടുത്ത് അള്ള് വയ്പ്പിന്റെ ഭംഗി കൂട്ടി ഛായാഗ്രാഹകൻ ജിംഷി ഖാലിദ് ചിത്രത്തിന്റെ ശോഭകൂട്ടി.
നവാഗത സംവിധായകൻ ബിലഹരിയിൽ പ്രതീക്ഷവയ്ക്കാം. കക്ഷിയുടെ പക്കൽ ആവിഷ്കരണത്തിന്റെ പുതുതന്ത്രങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അതിലെ ചില ട്രിക്കുകളാണ് അള്ള് രാമേന്ദ്രനെ ഒരുപോലെ പാവവും പരുക്കനുമാക്കിയത്.
ആരും അള്ള് വയ്ക്കുമെന്നുള്ള പേടി വേണ്ട, വേണ്ടുവോളം അള്ള് വയ്ക്കാനുള്ള ടെക്നിക്കുകൾ പഠിക്കാൻ അള്ള് രാമേന്ദ്രൻ കാണാം.
-വി.ശ്രീകാന്ത്