കായംകുളം: 30 വർഷത്തെ ഇടവേളയ്ക്കുശേഷം ഓണാട്ടുകരയുടെ പ്രധാനകൃഷിയായ എള്ള് കൃഷിയിൽ മടങ്ങിയെത്തിയ കർഷകകുടുംബത്തിനു വെളുത്ത എള്ള് കൃഷിയിൽ നൂറുമേനി വിളവ്. കായംകുളം പത്തിയൂർ കരീലക്കുളങ്ങര, കരുവറ്റുംകുഴി കണ്ണന്തറയിൽ പുത്തൻവീട്ടിൽ ഹരിദാസനും കുടുംബവുമാണ് എള്ളുകൃഷിയിൽ വിജയകരമായ നേട്ടം കൈവരിച്ചത്.
കൃഷ്ണപുരം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ കീഴിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഫാർമേഴ്സ് ഫെസ്റ്റ് എന്ന കർഷക പങ്കാളിത്ത വികസന ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പത്തിയൂർ പഞ്ചായത്തിൽ എള്ള് കൃഷി ഇറക്കിയത്. കർഷകൻ ഹരിദാസിനെ കൂടാതെ പഞ്ചായത്തിലെ 18,19 വാർഡുകളിലെ ഏതാനും കർഷകരും വനിതാഗ്രൂപ്പുകളും ഈ പദ്ധതിയിൽ പങ്കാളികളായി. ശരാശരി ഹെക്ടറിന് 300 കിലോഗ്രാം വരെ വിളവ് ലഭിച്ചു.
ഇതിൽ വാർഡ് 18ൽ കൃഷിചെയ്ത ഹരിദാസിനാണ് ഏറ്റവും കൂടുതൽ വിളവ് ലഭിച്ചത്. 35 സെന്റിലെ കൃഷിയിൽ ഹരിദാസിനെ സഹായിക്കാൻ ഭാര്യ ബിന്ദുവും മക്കളായ കണ്ണനും, വിഷ്ണുവും കൂടി ചേർന്നതോടെ കുടുംബകൂട്ടായ്മയുടെ വിജയം കൂടിയായി ഇത് മാറി. ജൈവരീതിയിലായിരുന്നു കൃഷി ചെയ്തത്. കൃഷിയ്ക്ക് കൂടുതലായും ഉപയോഗിച്ചത് ചാണകവും, ചാരവും ഉൾപ്പടെയുള്ള ജൈവവളങ്ങളാണ്. കുടുംബത്തിന്റെ മുഴുവൻ ശ്രദ്ധയും പരിചരണവും ലഭിച്ചതിനാൽ രോഗകീടങ്ങൾ കാര്യമായി ഉണ്ടായില്ലെന്ന് ഹരിദാസൻ പറഞ്ഞു.
എങ്കിലും ഫില്ലോഡി എന്ന രോഗം പത്തുശതമാനം കൃഷിയെ ബാധിച്ചു. ഹരിദാസന് മാത്രമായി 60കിലോ വെളുത്ത എള്ള് ലഭിച്ചു. തമിഴ്നാട്ടിലെ ശ്രീവല്ലി പുത്തൂരിലെ പരുത്തി ഗവേഷണ കേന്ദ്രത്തിൽനിന്നും പ്രത്യേക ഇനം വെളുത്ത എള്ള് ഇനമാണ് കൃഷിക്കായി പരീക്ഷിച്ചത്. ശരാശരി 80 ദിവസത്തിനുള്ളിൽ വിളവ് ലഭിക്കുകയും കൂടുതൽ എണ്ണ ലഭിക്കുകയും ചെയ്യുന്ന വെളുത്ത എള്ള് ഇനമാണ് വിജയകരമായി കൃഷി ചെയ്തതെന്ന് ഹരിദാസൻ പറഞ്ഞു.
പത്തിയൂർ പഞ്ചായത്തിനു പുറമെ ഈ വർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് എള്ള് കൃഷി വ്യാപിപ്പിക്കാനാണ് ഫാർമേഴ്സ് ഫെസ്റ്റ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കൃഷ്ണപുരം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം അധികൃതർ പറഞ്ഞു. തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരും കൃഷിയ്ക്കു വേണ്ട പ്രോത്സാഹനം നൽകാൻ രംഗത്ത് വന്നത് കർഷകർക്ക് കൂടുതൽ പ്രചോദനമായി. ഭാരതീയ കാർഷിക ഗവേഷണ കൗണ്സിലിന്റെ സാന്പത്തികസഹായവും കൃഷിക്കായി കർഷകർക്കു ലഭിച്ചു.