മഞ്ചേരി: സഹോദരന്റെ പേരും ജനന തിയതിയും ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കി ആൾമാറാട്ടം നടത്തി ഇന്ത്യൻ സൈന്യത്തിൽ ജോലി നേടിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന വയോധികന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി.
തിരുവാലി കുറ്റിപ്പുറത്ത് വീട്ടിൽ സാമിദാസ (69)ന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. 1944 സെപ്തംബർ 15ന് ജനിച്ച സാമിനാഥൻ പട്ടാളത്തിൽ ചേരാൻ പ്രായപരിധി കവിഞ്ഞതിനാൽ 1950 ജൂലൈ 15ന് ജനിച്ച സഹോദരൻ സത്യനാഥന്റെ പേരും ജനനതിയതിയും ഉപയോഗപ്പെടുത്തിയാണ് 1968 ഒക്ടോബർ 14ന് ഇന്ത്യൻ മിലിട്ടറിയുടെ മദ്രാസ് റജിമെന്റിൽ ചേർന്നത്.
എന്നാൽ ശാരീരിക ക്ഷമതയില്ലെന്നു കണ്ട് 1969 നവംബർ എട്ടിന് സർവീസിൽ നിന്നു ഡിസ്ചാർജ ആയെങ്കിലും പെൻഷനും മറ്റു ആനുകൂല്യങ്ങളും ലഭിച്ചു വന്നിരുന്നു.
2016ൽ പെൻഷൻ രേഖകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടി വന്നതോടെയാണ് ഇയാൾ വെട്ടിലായത്. തുടർന്ന് ആധാർകാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, പാൻ കാർഡ് എന്നിവയെല്ലാം സത്യനാഥൻ എന്ന പേരിലേക്കു മാറ്റി.
1971ൽ കേരളാ പോലീസിൽ ചേർന്ന യഥാർഥ സത്യനാഥൻ 2005ൽ വിരമിക്കുകയും 2011 ആഗസ്റ്റ് രണ്ടിന് മരണപ്പെടുകയും ചെയ്തിരുന്നു. സത്യനാഥന്റെ ഭാര്യ എടവണ്ണ ഷൈൻ വിഹാറിൽ മാധവിക്കുട്ടി പരാതി നൽകിയതോടെയാണ് സാമിനാഥൻ നടത്തിയ ആൾമാറാട്ടം പോലീസ് കേസായി മാറിയത്. എടവണ്ണ പോലീസ് ആണ് കേസന്വേഷിക്കുന്നത്.