മുക്കം: മുക്കം അഗസ്ത്യൻമുഴി കോഴിക്കോട് റോഡരികിൽ തണൽ വിരിച്ച് നിൽക്കുന്ന അരയാൽ മരം നശിപ്പിക്കാൻ സാമൂഹ്യ വിരുദ്ധരുടെ ശ്രമം.
വെസ്റ്റ് മണാശേരി ബസ് സ്റ്റോപ്പിന് സമീപത്തെ വലിയ ആൽമരം നശിപ്പിക്കാനാണ് ശ്രമം നടന്നത്.
രാത്രിയുടെ മറവിൽ മരത്തിൽ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് വലിയ ദ്വാരങ്ങളിട്ട് അതിൽ മാരക രാസപദാർഥങ്ങൾ നിറച്ച് മരം ഉണക്കി കളയാനാണ് ശ്രമിച്ചത്.
മരത്തിൽ നിന്നും പച്ച ഇലകൾ നിരന്തരം വാടി വീഴുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മരം പരിശോധിച്ചപ്പോഴാണ് മരത്തിന് ചുറ്റും ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് വലിയ ദ്വാരങ്ങളുണ്ടാക്കി അതിൽ രാസപദാർഥം നിറച്ചതായി കണ്ടത്.
പാറകൾ വിള്ളൽ വീഴ്ത്തി പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തുവാണ് ഉപയോഗിച്ചതെന്നാണ് സൂചന.
ആൽമരം പൂർണമായും ഉണങ്ങിത്തുടങ്ങിയ അവസ്ഥയിലാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പിന്നിൽ റിയൽ എസ്റ്റേറ്റ് ലോബിയാണെന്നും നാട്ടുകാർ പറയുന്നു.
പ്രദേശത്തെ ഭൂമി വിൽപ്പനയുമായി സംഭവത്തിന് ബന്ധമുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. കർശന നടപടി ആവശ്യപ്പെട്ട് വനം വകുപ്പ്, പോലീസ്, നഗരസഭാധികൃതർ തുടങ്ങിയവർക്ക് നാട്ടുകാർ പരാതി നൽകി.
ഈ ആൽമരം ഉണങ്ങിയാൽ വീണ്ടും ഇവിടെ മരം വച്ച് സംരക്ഷിക്കാനും അങ്ങാടിയിൽ സിസിടിവി കാമറകൾ സ്ഥാപിക്കാനും നാട്ടുകാർ തീരുമാനിച്ചു.