ചങ്ങരംകുളം: ആലങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫയൽ റൂമിൽ മാസങ്ങൾ പഴക്കമുള്ള ജീർണിച്ച അസ്ഥിക്കൂടം കണ്ടെത്തി. മൂക്കിനു തുന്പിൽ മൃഗത്തിന്റെ ചത്ത് ജീർണിച്ച അസ്ഥികൂടം കിടന്നിട്ടും അധികൃതർ അറിഞ്ഞത് മാസങ്ങൾ കഴിഞ്ഞ്.
ചങ്ങരംകുളം ആലംങ്കോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ മീറ്റിംഗ് ഹാളിനു സമീപം ഫയലുകളും മറ്റും സൂക്ഷിക്കുന്ന സ്റ്റോർ റൂമിലാണ് നായയുടേതെന്ന് തോന്നിക്കുന്ന ജീർണിച്ച അസ്ഥികൂടം കണ്ടെത്തിയത്. രണ്ടു മാസത്തിലധികം പഴക്കം ഈ അസ്ഥികൂടത്തിനുണ്ട്.
ഇന്നലെ ആലങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പെൻഷൻ മാസ്റ്ററിങ്ങ് ക്യാന്പിൽ പങ്കെടുക്കാനെത്തിയവർക്കൊപ്പം ഉണ്ടായിരുന്ന ഒരാളാണ് ഈ അസ്ഥികൂടം കണ്ടത്. ഉടൻ ഹെൽത്ത് ഇൻസ്പെക്ടറെ അറിയിച്ചപ്പോൾ നിമിഷങ്ങൾക്കുള്ളിൽ അസ്ഥികൂടം നീക്കി സ്ഥലം വൃത്തിയാക്കി അധികൃതർ തടിയൂരി.
ജനങ്ങളുടെ ആരോഗ്യം പരിരക്ഷിക്കേണ്ട ആരോഗ്യ കേന്ദ്രത്തിൽ മൃഗം ചത്ത് ജീർണിച്ചു കിടന്നു ദുർഗന്ധം വമിച്ചിട്ടും ജീവനക്കാർ അറിയാത്തതു കടുത്ത കൃത്യവിലോപമാണ്.