കൊച്ചി: അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ ഡല്‍ഹിയില്‍ പിടിയിലായ പ്രതികളെ ഇന്നു കൊച്ചിയിലെത്തിക്കും. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാകും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. കവര്‍ച്ചാ സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണ സംഘത്തിന്റെ പരിശോധന ഡല്‍ഹി കേന്ദ്രീകരിച്ച് തുടര്‍ന്നു വരികയാണ്.
സമാനരീതിയില്‍ വലിയ ആള്‍ക്കൂട്ടം പങ്കെടുക്കുന്ന പരിപാടികള്‍ക്കിടെ മോഷണം നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പിടിയിലായവരില്‍ നിന്നും 20ഓളം മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതില്‍ നിന്നും മോഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസ് കരുതുന്നത്.
കാണാതായ ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. 21 ഐ ഫോണുകളടക്കം 36 മൊബൈല്‍ ഫോണുകളാണ് കഴിഞ്ഞ ആറിന് ബോള്‍ഗാട്ടി പാലസില്‍ നടന്ന സംഗീത പരിപാടിക്കിടെ നഷ്ടമായത്.
2022ല്‍ ബംഗളൂരുവിലും മോഷണം
പിടിയിലായ മൂന്നു പ്രതികളും സമാനരീതിയില്‍ ബംഗളൂരുവിലും മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി. 2022ല്‍ ബംഗളൂരു ഫീനിക്സ് മാളില്‍ നടന്ന ഡിജെ ഷോയ്ക്കിടെയായിരുന്നു മോഷണം.
ബംഗളൂരുവിലെ മാധേവപുരം പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ്. ഇവിടെനിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. പ്രതികള്‍ മൂന്നുപേരും അലന് വാക്കറുടെ ഷോ നടക്കുന്നതിനിടെ കൊച്ചിയില്‍ ഉണ്ടായിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.