കൊച്ചി: ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും വന്നുവെങ്കിലും ജില്ലയില്‍ വ്യാജമദ്യം സുലഭം. ഗ്രാമങ്ങളിലും പട്ടണങ്ങളിലും വ്യാജമദ്യം ഉണ്ടാക്കി വില്‍ക്കുന്ന ലോബികൾ സജീവമാണെന്ന് എക്സൈസുകാർതന്നെ സമ്മതിക്കുന്നു.
ഒരു മാസത്തോളമായി ബാറുകളും കള്ളുഷാപ്പുകളും അടഞ്ഞു കിടന്നിട്ടും മദ്യം വേണ്ടവർക്ക് യഥേഷ്ടം കിട്ടുന്നതായാണു റിപ്പോർട്ട്.
അതുകൊണ്ടുതന്നെ കഴിഞ്ഞ ലോക്ഡൗണിലേതുപോലെ മദ്യാസക്തരുടെ ബഹളവും കൈ വിറയ്ക്കുന്നെന്നു പറഞ്ഞു ഡി അഡിക്ഷന് കേന്ദ്രങ്ങളിലെത്തുന്നവരുടെ തിരക്കും ഇത്തവണ കാണുന്നില്ല.
ചോദിക്കുന്ന പണം കൊടുത്ത് മദ്യം വാങ്ങാന്‍ ആളുകള്‍ തയാറാകുന്നതിനാൽ വ്യാജവാറ്റ് ലോബി ഉഷാറിലാണ്.
കോവിഡ് ഡ്യൂട്ടികൾക്കിടയിലും എക്സൈസും പോലീസും പലയിടത്തുനിന്നും വാറ്റുകാരെയും വിൽപനക്കാരെയും പിടിക്കുന്നുണ്ടെങ്കിലും വ്യാജമദ്യത്തിനു ലോക്കിടാൻ സാധിക്കുന്നില്ല.
ഈന്തപ്പഴവും ജാതിക്കായും മറയൂര്‍ ശര്‍ക്കരയും ചേര്‍ത്തു വാറ്റിയതാണെന്നും കോവിഡിനുള്ള ആയുര്‍വേദ മരുന്നാണെന്നും പറഞ്ഞുവരെ ചാരായം നിർബാധം വില്‍ക്കുന്നു.
കോവിഡിനിടയിൽ വീടുകളില്‍ നടക്കുന്ന ചെറിയ ആഘോഷങ്ങള്‍ക്കുപോലും വ്യാജചാരായം വിളമ്പുന്നുണ്ടെന്നാണു വിവരം.
പുഴയോരങ്ങളും വിജനമായ തോട്ടങ്ങളും മലയോരമേഖലകളും കേന്ദ്രീകരിച്ചാണു വ്യാജവാറ്റ് ഏറെയും നടക്കുന്നത്. ഒറ്റപ്പെട്ടതും ആൾതാമസമില്ലാത്തതുമായ വീടുകളിലും വാറ്റ് നടക്കുന്നു.
വാറ്റു കേന്ദ്രങ്ങളില്‍നിന്ന് 1,000 -1,500 രൂപയ്ക്കു വാങ്ങുന്ന ഒരു ലിറ്റര്‍ ചാരായം ഇടനിലക്കാര്‍ വിറ്റഴിക്കുന്നത് 2,000-2,500 രൂപയ്ക്കാണ്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം എറണാകുളം ജില്ലയില്‍ 1,700 ലിറ്റര്‍ വാഷും 700 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽനിന്നാണ് ഇതിൽ ഏറെയും പിടിച്ചത്.