ന്യൂഡൽഹി: ഹിന്ദി നടൻ അലോക് നാഥിനെതിരേ എഴുത്തുകാരിയും നിർമാതാവുമായ വിന്റ നന്ദ പോലീസിൽ പരാതി നൽകി. മീ ടു കാന്പയ്നിന്റെ ചുവടുപിടിച്ച് ലൈംഗികാരോപണം ഉന്നയിച്ച വിന്റ നന്ദയ്ക്കെതിരേ അലോക് നാഥ് മാനനഷ്ടക്കേസ് ഫയൽ ചെയ്തതിനു പിന്നാലെയാണ് അവരും പോലീസിൽ പരാതി നൽകിയത്.
19 വർഷം മുന്പ് അലോക് നാഥ് തന്നെ ഒന്നിലേറെത്തവണ ശാരീരികമായി പീഡിപ്പിച്ചെന്നാണു നന്ദയുടെ പരാതി. രണ്ടാഴ്ച മുന്പാണ് നന്ദ ഈ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നുപറഞ്ഞത്. നന്ദയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ഓഷിവാര പോലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ ശൈലേഷ് പസാൽവർ പറഞ്ഞു.
അതേസമയം, ആരോപണം പിൻവലിച്ച് ഒരു രൂപ നഷ്ടപരിഹാരം നൽകി, നന്ദ മാപ്പുപറയണമെന്ന് അലോക് നാഥ് കോടതിയിൽ സമർപ്പിച്ച മാനനഷ്ടക്കേസിൽ ആവശ്യപ്പെടുന്നു. ഭാര്യയെയും കക്ഷി ചേർത്താണ് അലോക് പരാതി നൽകിയത്. നന്ദയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സിനിമാ, ടിവി അഭിനേതാക്കളുടെ സംഘടന അലോക് നാഥിനു നോട്ടീസ് അയച്ചിരുന്നു.