ന്യൂഡല്‍ഹി: ഉള്‍പ്പോരു കനത്ത സാഹചര്യത്തില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഡയറക്ടറെ നീക്കി. ഡയറക്ടര്‍ അലോക് വര്‍മയോടും സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോടും അവധിയിൽ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. സിബിഐ ജോയിന്റ് ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെ താത്കാലിക ചുമതല ഏല്പിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിറങ്ങി. ഡയറക്ടറുടെ എല്ലാ ചുമതലകളും റാവുവിനെ ഏല്പിക്കുന്നതായി ഉത്തരവില്‍ പറയുന്നു.
അടിയന്തരമായി ചുമതലയേറ്റെടുക്കാനാണ് ഉത്തരവ്. പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ഇന്നലെ രാത്രി പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. യോഗത്തിനു ശേഷമാണ് ഇരുവരോടും അവധിയില്‍ പോകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.22–ാം വയസില്‍ സിവില്‍ സര്‍വീസിലെത്തിയ ആളാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ. ഡല്‍ഹി പോലീസ് കമ്മീഷണര്‍, ജയില്‍ ഡിജിപി തുടങ്ങിയ പദവികള്‍ക്കു ശേഷമായിരുന്നു സിബിഐയിലേക്കുള്ള വരവ്. സിബിഐയില്‍ മുൻപരിചയമില്ലാതെ ഡയറക്ടര്‍ പദവിയിലെത്തുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് അലോക് വര്‍മ.
1984 ഐപിഎസ് നേടിയ രാകേഷ് അസ്താന ഗുജറാത്ത് കേഡറില്‍ നിന്നാണ് സിബിഐയിലേക്ക് എത്തുന്നത്.
വഡോദര ഐജി ആയിരിക്കുമ്പോള്‍ നടന്ന ഗോധ്ര സംഭവം, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരായ കാലിത്തീറ്റ കുംഭകോണം തുടങ്ങിയ കേസുകളിലൂടെയാണ് അസ്താന ദേശീയശ്രദ്ധ നേടിയത്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട്, വിജയ് മല്യയുടെ വായ്പതട്ടിപ്പ് തുടങ്ങിയവയുടെ അന്വേഷണച്ചുമതലയും അസ്താനയ്ക്കായിരുന്നു. എന്നാല്‍, അസ്താന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായുടെയും അടുപ്പക്കാരനാണെന്നാണ് പിന്നാമ്പുറ സംസാരം.
2017ല്‍ ഏതാനും ഐപിഎസ് ഉദ്യോഗസ്ഥരെ സിബിഐയിലേക്കു നിയമിക്കണമെന്ന ഡയറക്ടറുടെ ശിപാര്‍ശ സര്‍ക്കാര്‍ നിരാകരിച്ചതോടെ തുടങ്ങിയ പ്രശ്നങ്ങള്‍ അതീവരൂക്ഷമായതോടെയാണ് സര്‍ക്കാരിന് ഈ താരുമാനമെടുക്കേണ്ടിവന്നത്. സര്‍ക്കാരിന്റെ അടുപ്പക്കാരന് അസ്താനയെ അതേവര്‍ഷം ഒക്ടോബറില്‍ സ്പെഷല്‍ ഡയറക്ടറാക്കാനുള്ള നീക്കം വന്നതാണ് വര്‍മയെ ചൊടിപ്പിച്ചത്. തനിക്കൊപ്പം റാങ്കുള്ള ഒരാള്‍ വരുന്നത് അലോകിനു താത്പര്യമുള്ള കാര്യമായിരുന്നില്ല.
അഴിമതിക്കേസില്‍ അസ്താനയ്ക്കുബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് അലോക് ഉയര്‍ത്തിയത്. നാടിനെ കുലുക്കിയ സ്റ്റെര്‍ലിങ് ബയോടെക് അഴിമതിക്കേസിലാണ് അസ്താനയ്ക്കു ബന്ധമുണ്ടെന്നു വര്‍മ കേന്ദ്ര വിജിലന്‍സ് കമ്മീഷനെ (സിവിസി) അറിയിത്.
എന്നാല്‍, ആരോപണം തള്ളിയ കേന്ദ്രസര്‍ക്കാര്‍ അസ്താനയെ സ്പെഷല്‍ ഡയറക്ടറാക്കി. 5000 കോടി രൂപയുടെ തട്ടിപ്പു നടത്തി രാജ്യംവിട്ട വഡോദരയിലെ സ്റ്റെര്‍ലിങ് ബയോടെക് ഔഷധനിര്‍മാണ കമ്പനിയുടമ നിതിന്‍ സന്ദേസരയും അസ്താനയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകളുമായി പ്രതിപക്ഷം രംഗത്തെത്തി.
കഴിഞ്ഞ ജൂണില്‍ അലോക് വര്‍മയുടെ അസാന്നിധ്യത്തില്‍ രണ്ടാമനെന്ന നിലയില്‍ സിവിസി യോഗത്തില്‍ അസ്താനയെ പങ്കെടുപ്പിക്കരുതെന്നു സിബിഐ കത്തെഴുതിയതോടെ തര്‍ക്കം പരസ്യമായി. ഇതോടെ അസ്താന തിരിച്ചടിച്ചു. അലോക് വര്‍മയ്ക്കെതിരെ 10 അഴിമതി ആരോപണങ്ങളാണ് അസ്താന ഉയര്‍ത്തിയത്.
കാബിനറ്റ് സെക്രട്ടറിക്ക് കത്തെഴുതുകയും ചെയ്തു. ഇതോടെ തര്‍ക്കം അതിന്റെ പാരമ്യത്തിലെത്തി.ഇതിനിടെ കഴിഞ്ഞ ദിവസം വിഷയത്തില്‍ ഹൈക്കോടതിയുമിടപെട്ടു. ക്രിമിനല്‍ നപടിക്രമങ്ങളില്‍ സിബിഐ തങ്ങളുടെ സ്റ്റാറ്റ് കോ നിലനിര്‍ത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി സമകാലിക സാഹചര്യങ്ങളെ മുന്‍നിര്‍ത്തി നിര്‍ദേശിച്ചിരുന്നു.