ന്യൂയോർക്ക്: ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) എലോൺ മസ്കിനെതിരേ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി). ശതകോടീശ്വരനായ മസ്ക് നിക്ഷേപകരെ പറ്റിച്ചെന്നാണ് ആക്ഷേപം.
ഇലക്ട്രിക് കാറുകൾ നിർമിക്കുന്ന ടെസ്ല കന്പനിയെ ഓഹരിവിപണിയിൽനിന്നു പിൻവലിക്കുമെന്നും 420 ഡോളർ വച്ച് ഓഹരികൾ തിരിച്ചുവാങ്ങുമെന്നും മസ്ക് ഓഗസ്റ്റ് ഏഴിനു ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള പണം കണ്ടെത്തിയെന്നും മസ്ക് അതിൽ പറഞ്ഞു. ഇതു പിന്നീട് തിരുത്തി.
പണം കണ്ടെത്താതെയും കന്പനിയിൽപോലും ചർച്ച നടത്താതെയുമാണ് മസ്ക് ഇതു പറഞ്ഞത്. ഇതു നിക്ഷേപകരെ വഞ്ചിക്കലാണെന്നു പറഞ്ഞാണ് ഓഹരിവിപണി റെഗുലേറ്റർ ആയ എസ്ഇസിയുടെ നോട്ടീസ്. ആരോപണം മസ്ക് നിഷേധിച്ചു. നിക്ഷേപകരുടെ താത്പര്യം മുൻനിർത്തിയേ താൻ എന്തും ചെയ്തിട്ടുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ വാദം.
ഏതായാലും ടെസ്ലയുടെ ഓഹരിവില 25 ശതമാനം ഇടിഞ്ഞു. ഇലക്ട്രിക് കാറുകൾ നിർമിക്കുന്ന ടെസ്ലയ്ക്കു പുറമേ ബഹിരാകാശ ഗവേഷണത്തിനും യാത്രയ്ക്കുമുള്ള കന്പനികളും മസ്കിനുണ്ട്.