ഒരു തെറ്റും ചെയ്യാത്ത നിരപരാധിയായ ഒരു കൗമാരക്കാരന്റെ ജീവൻ കവർന്നിട്ടും അയാൾക്കു കുറ്റബോധത്തിന്റെ ലഞ്ചന പോലും അനുഭവപ്പെട്ടില്ല.
എന്നു മാത്രമല്ല, കൊടുംപാതകത്തിൽ പശ്ചാത്തപിക്കുന്നതിനു പകരം ഡെന്നിസ് അതിൽ ആനന്ദം കണ്ടെത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
മാത്രമല്ല, അയാളുടെ കണ്ണുകൾ പുതിയ ഇരയ്ക്കായി തെരഞ്ഞുകൊണ്ടേയിരുന്നു. ബാറുകളിലും പബ്ബുകളിലുമൊക്കെ ചുറ്റുന്പോഴും അയാളുടെ ആർത്തിപിടിച്ച കണ്ണുകൾ തെരഞ്ഞെടുകൊണ്ടിരുന്നത് തന്റെ അടുത്ത ഇരയെ ആയിരുന്നു.
രണ്ടാമത്തെ ഇര
കൃത്യം ഒരു വർഷത്തിനു ശേഷം 1979 ഡിസംബർ മൂന്നിനു ഡെന്നിസ് അയാളുടെ രണ്ടാമത്തെ ഇരയെ കണ്ടെത്തി. കാനഡ സ്വദേശിയായ കെന്നെത്ത് ഓകെൻഡെൻ ആയിരുന്നു അത്.
ഒരു പബിൽ വച്ചാണ് ഡെന്നിസും വിനോദ സഞ്ചാരിയായ കെന്നെത്തും പരിചയപ്പെടുന്നത്. വിദ്യാർഥികൂടിയായ കെന്നെത്തിനെ നാടുചുറ്റി കാണിക്കാമെന്നു പറഞ്ഞു ഡെന്നിസ് അടുത്തുകൂടി.
കെന്നെത്തിനോടു വളരെ സ്നേഹപൂർവം പെരുമാറിയ ഡെന്നിസ് അയാളെ തന്റെ ഫ്ളാറ്റിലേക്കു ക്ഷണിച്ചു. ആകർഷകമായ പെരുമാറ്റത്തിൽ വീണുപോയ കെന്നത്ത് അയാളുടെ ക്ഷണം സ്വീകരിച്ചു.
മരണ സംഗീതം
ഇരുവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും തങ്ങളുടെ ഇഷ്ടങ്ങളെക്കുറിച്ചു പരസ്പരം സംസാരിക്കുകയും ചെയ്തു. ഇതിനെല്ലാമിടയിൽ ഡെന്നീസ് തന്നെ കൊലപ്പെടുത്താനുള്ള അവസരം തേടുകയാണെന്ന് കെന്നത്തിനു മനസിലായതേയില്ല.
ഡെന്നീസിന്റെ ഉള്ളിലെ സാത്താൻ ഉണർന്നുകഴിഞ്ഞിരുന്നു. ഏതു നിമിഷവും ആ യുവാവിനെ കൊലപ്പെടുത്താനുള്ള അവസരത്തിനായി അയാളുടെ കണ്ണുകൾ പരതി.
ഇതിനിടെ ഇരുവരുടെയും സംസാരം സംഗീതത്തിലേക്കു വഴിമാറി. ഇതോടെ ഡെന്നീസിന്റെ കണ്ണുകൾ വിടർന്നു. അയാളുടെ പൈശാചിക മനസ് കെന്നത്തിനെ കൊല്ലാനുള്ള ഒരു സാധ്യത കണ്ടെത്തിക്കഴിഞ്ഞിരുന്നു.
ഹെഡ്ഫോണിൽ മരണം
സംഗീതത്തെക്കുറിച്ചു സംസാരം മുറുകിയതിനിടെ തനിക്കു പ്രിയപ്പെട്ട പാട്ടുകൾ കേൾപ്പിക്കാമെന്നു പറഞ്ഞു ഡെന്നിസ് തന്റെ ഹെഡ്ഫോണ് കെന്നെത്തിനു കൈമാറി.
സന്തോഷത്തോടെ കെന്നത്ത് അതു സ്വീകരിച്ചു. കെന്നത്ത് ഹെഡ്ഫോണ് വച്ചയുടൻ തന്ത്രപരമായി പിന്നിലൂടെ എത്തിയ ഡെന്നിസ് അതിന്റെ കേബിൾ ഉപയോഗിച്ചു കെന്നത്തിന്റെ കഴുത്തിൽ വലിഞ്ഞുമുറുക്കി.
അപ്രതീക്ഷിതമായി നടന്ന ആക്രമണത്തിൽ പിടഞ്ഞുപിടഞ്ഞു കെന്നത്ത് മരണത്തിലേക്കു വഴുതിവീഴുന്നതു ഡെന്നിസ് ഗൂഢമായ ചിരിയോടെ നോക്കി നിന്നു.
പലക മറയിൽ
മരണം ഉറപ്പാക്കിയ ശേഷം ഡെന്നിസ് കെന്നത്തിന്റെ മൃതദേഹം ചുമന്നു കുളിമുറിയിലേക്കു കൊണ്ടുപോയി കുളിപ്പിച്ചു. ലൈംഗിക താത്പര്യങ്ങൾക്കുപയോഗിച്ച ശേഷം അയാൾ മൃതദേഹത്തിന്റെ ചിത്രങ്ങളെടുത്തു സൂക്ഷിച്ചു.
അടുത്ത ദിവസം ആദ്യത്തെ കൊലപാതകത്തിൽ ചെയ്തതുപോലെ കെന്നത്തിന്റെ മൃതദേഹവും തടിപ്പലകകൾക്കടിയിൽ മറവുചെയ്തു.
കൊലചെയ്ത ശേഷം പല അവസരങ്ങളിലും ഡെന്നീസ് കെന്നത്തിന്റെ മൃതദേഹം പുറത്തെടുക്കുകയും കെന്നത്ത് ജീവനോടെ തന്റെ മുന്നിൽ ഇരിക്കുന്നുവെന്നു കരുതി സംസാരിക്കുകയും ചെയ്തിരുന്നുവെന്നു പോലീസ് പറയുന്നു.
ഇരുളിലെ ഇര
1980 മേയ് 17നാണ് ഡെന്നീസ് മാർട്ടിൻ ഡഫി എന്ന പതിനാറുകാരനെ പരിചയപ്പെടുന്നത്. അനാഥനായ മാർട്ടിൻ കേറ്ററിംഗ് വിദ്യാർഥിയായിരുന്നു. താമസിക്കാൻ ഇടമില്ലാത്തതിനാൽ മാർട്ടിൻ പതിവായി കിടന്നുറങ്ങിയിരുന്നത് യൂസ്റ്റണ് സ്റ്റേഷനു സമീപത്തെ നടപ്പാതയിലാണ്.
പതിവുപോലെ നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്ന മാർട്ടിന്റെ കാൽതട്ടി ഡെന്നീസ് വീഴാൻ തുടങ്ങി. ശരീരത്തിലേക്ക് എന്തോ വീഴുന്നതായി തോന്നിയ മാർട്ടിൻ പെട്ടെന്നു ചാടിയെഴുന്നേറ്റു.
ഇരുട്ടിൽ മുന്നിൽ നിൽക്കുന്ന ആളുടെ മുഖം വ്യക്തമായില്ലെങ്കിലും തെറ്റു തന്റേതാണെന്നും താങ്കൾക്കു പരിക്കൊന്നും പറ്റിയില്ലല്ലോ എന്നും മാർട്ടിൻ തിരക്കി.
മാപ്പു പറയാനും ആ കൗമാരക്കാരൻ മറന്നില്ല. ഡെന്നിസിന്റെ മുഖം മാർട്ടിൻ കണ്ടില്ലെങ്കിലും മാർട്ടിന്റെ മുഖം തെരുവുവിളക്കിന്റെ വെട്ടത്തിൽ ഡെന്നീസ് കണ്ടു.
വീണ്ടും ഫ്ളാറ്റിലേക്ക്
ഇരയെ മുന്നിൽകണ്ട വേട്ടക്കാരന്റെ മനസായിരുന്നു ഡെന്നീസിനപ്പോൾ. അയാൾ തന്ത്രപൂർവം മാർട്ടിന്റെ വിവരങ്ങൾ തിരക്കി. ഡെന്നീസ് അയാളെ സഹായിക്കാമെന്നും ഏറ്റു.
വഴിയിൽ കിടന്നുറങ്ങേണ്ടെന്നും തനിക്കൊപ്പം ഫ്ളാറ്റിലേക്കു വന്നോളുവെന്നും പറഞ്ഞു. കാഴ്ചയിലും പെരുമാറ്റത്തിലും വളരെ മാന്യനായി തോന്നിയതിനാൽ മാർട്ടിൻ ഡെന്നിസിനൊപ്പം പോകാൻ തീരുമാനിച്ചു.
എന്നാൽ, ഫ്ളാറ്റിലേക്ക് ഇരുവരും പ്രവേശിച്ച പാടെ ഡെന്നിസിന്റെ സ്വഭാവം മാറി. മറ്റു രണ്ടുപേർക്കും സംഭവിച്ചതുതന്നെ മാർട്ടിനും പറ്റി.
എന്നാൽ, ഒരു കാര്യത്തിൽ അല്പം വ്യത്യാസമുണ്ടായിരുന്നു. മാർട്ടിനെ കൊലചെയ്ത ശേഷം ഡെന്നിസ് രണ്ടാഴ്ചയോളം ആ മൃതദേഹം തന്റെ കബോർഡിൽ സൂക്ഷിച്ചു.
മാർട്ടിനെ കണ്ടു കൊതിതീരാതെയാണ് താൻ ആ മൃതദേഹം മറവു ചെയ്തതെന്നും അന്നോളം താൻ കണ്ടിട്ടുള്ളവരിൽ മാർട്ടിനോളം ചെറുപ്പം തോന്നിക്കുന്ന ആരുമുണ്ടായിരുന്നില്ല എന്നും ഡെന്നിസ് പിന്നീടു പോലീസിനോടു വെളിപ്പെടുത്തി
(തുടരും).