കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അഡ്വ ബി.എ. ആളൂരിന്റെ മൊഴിയെടുക്കാനൊരുങ്ങി പോലീസ്. ബംഗളൂരുവില്‍ ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെന്‍ട്രല്‍ പോലീസ് അഡ്വ. ആളൂരിനെതിരേ കേസ് എടുത്തത്. സംഭവത്തില്‍ വിശദമായി അന്വേഷണം ആരംഭിച്ചതായി എറണാകുളം സെന്‍ട്രല്‍ എസിപി വി.കെ. രാജു പറഞ്ഞു. പരാതിക്കാരി ബാര്‍ കൗണ്‍സിലിലും പരാതി നല്‍കിയിട്ടുണ്ട്.
ജനുവരി 31 ന് അഡ്വ. ആളൂരിന്റെ കൊച്ചിയിലെ ഓഫീസില്‍ വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ തന്റെ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നാണ് യുവതി നല്കിയ പരാതിയില്‍ പറയുന്നത്. കേസിന്റെ കാര്യം സംസാരിക്കാന്‍ ഓഫീസിന്റെ മുകളിലെ നിലയിലെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു സംഭവം.
തന്റെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫീസ് ആളൂര്‍ ചോദിച്ചിരുന്നു. അത്രയും പണം കൈയ്യിലില്ലെന്ന് പറഞ്ഞപ്പോള്‍ സഹകരിച്ചാല്‍ മതിയെന്നും ഫീസ് വേണ്ടെന്നു പറഞ്ഞതായും പരാതിയുണ്ട്.
കഴിഞ്ഞ ഒന്നര വര്‍ഷമായി കേസുമായി ബന്ധപ്പെട്ട് ആളൂരിനെ അറിയാമെന്നും പല ഘട്ടങ്ങളിലായി ഫീസ് ഇനത്തില്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന് ആളൂര്‍ പ്രതികരിച്ചു.