കൊച്ചി: എറണാകുളം ജില്ലയിലെ വ്യവസായശാലകള്‍ സുരക്ഷിതമാണെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫറുളള. പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വ്യവസായ ശാലകളുടെ സുരക്ഷ സംബന്ധിച്ച അവലോകനയോഗത്തിലാണ് വ്യവസായ ശാലകള്‍ സുരക്ഷിതമാണെന്ന് വിലയിരുത്തിയത്.
പുഴയുടെ തീരത്തുളള ഏലൂര്‍ വ്യവസായ മേഖലയിലെ വ്യവസായ ശാലകളില്‍ 90% കെമിക്കലുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നും. രാസവസ്തുക്കള്‍ പൊതുജലാശയങ്ങളില്‍ കലരാതിരിക്കുന്നതിന് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും യോഗം വിലയിരുത്തി.
നിലവില്‍ കമ്പനികള്‍ നടത്തുന്ന ഉത്പാദനം, ഓരോ പ്ലാന്റിന്റെയും ചുമതലയുള്ള ജീവനക്കാരന്, സ്വീകരിച്ചിട്ടുള്ള സുരക്ഷ മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
24 മണിക്കൂറും ജീവനക്കാരുടെ സേവനം കമ്പനികളില്‍ ലഭ്യമാക്കണം. അടിയന്തര സാഹചര്യമുണ്ടായാല്‍ ദുരന്ത നിവാരണ വിഭാഗം, പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവയുമായി ബന്ധപ്പെടാനുള്ള നിര്‍ദ്ദേശവും നല്കി. മൂന്ന് മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നാലും വ്യവസായ ശാലകളുടെ സുരക്ഷയെ ബാധിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു.