ആളൂർ: പഞ്ചായത്തിലെ താഴേക്കാട് കണ്ണിക്കരയിലുള്ള വെളക്കത്തലയൻ കുളം നാശത്തിന്റെ വക്കിൽ. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കുളം പുനരുദ്ധരിക്കാനുള്ള നടപടികളുണ്ടാകുന്നില്ല. ജലക്ഷാമം രൂക്ഷമാകുന്ന വേനൽമാസങ്ങളിൽ കണ്ണിക്കര പ്രദേശത്തുള്ള നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ജലസ്രോതസാണ് ഈ പൊതുകുളം. സമീപപ്രദേശങ്ങളിലെ വീട്ടുകിണറുകളിൽ ജലവിതാനം നിലനിൽക്കുന്നതും വെളക്കത്തലയൻ കുളത്തിലെ വെള്ളത്തെ ആശ്രയിച്ചാണ്.
എന്നാൽ വശങ്ങൾ കരിങ്കൽ കെട്ടി സംരക്ഷിക്കാത്തതു മൂലം കുളം നശിച്ചുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഓരോ വർഷം കഴിയുന്തോറും അടിത്തട്ടിൽ ചെളി അടിഞ്ഞു കൂടി കുളത്തിന്റെ ആഴം കുറഞ്ഞുവരികയാണ്. ഏതാനും മാസം മുന്പ് തൊഴിലുറപ്പു പദ്ധതി പ്രകാരം കുളം വൃത്തിയാക്കുന്ന പണി നടന്നെങ്കിലും വേണ്ടത്ര കാര്യക്ഷമമായില്ലെന്നാണ് പരാതി.
ചാലക്കുടി ഇറിഗേഷൻ പദ്ധതിയുടെ വലതുകര കനാലിൽ നിന്ന് വേനൽക്കാലത്ത് കുളത്തിലേക്ക് വെള്ളമെത്താറുണ്ടെങ്കിലും ഈ വർഷം ഇതേ വരെ കനാൽവെള്ളമെത്തിയില്ലെന്നും നാട്ടുകാർ പറഞ്ഞു.