കടുത്തുരുത്തി: കോട്ടയത്തേക്കു കഞ്ചാവ് എത്തിച്ചിരുന്നത് ഗുണ്ടാസംഘതലവൻ അലോട്ടിയുടെ നേതൃത്വത്തിൽ. കോട്ടയം ജില്ലയിലെ കഞ്ചാവു മാഫിയുടെ തലവനാണ് അലോട്ടി. നാഷണൽ പെർമിറ്റ് ലോറിയിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന കേസുമായി ബന്ധപെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവിനു പണം നൽകിയ ഗുണ്ടാ സംഘത്തലവൻ അലോട്ടിയും ലോറി ഉടമ അപ്പുവും അറസ്റ്റിലായത്.
കുറുപ്പന്തറയിൽ നിന്നും കടുത്തുരുത്തി പോലീസിന്റെ നേതൃത്വത്തിൽ 60 കിലോ കഞ്ചാവ് പിടിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തതത്.
ഗുണ്ടാ സംഘത്തലവൻ ആർപ്പൂക്കര പനന്പാലം കൊപ്രായീൽ ജെയിസ്മോൻ ജേക്കബ് (അലോട്ടി -27), കുമാരനല്ലൂർ ചൂരക്കാട്ട് സി.ആർ. നിബുമോൻ (നീലിമംഗലം അപ്പു-29) എന്നിവരെയാണ് കടുത്തുരുത്തി എസ്എച്ച്ഒ ബി.എസ്. ബിനു, എസ്ഐ ടി.എസ്. റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജൂണ് 17 നാണ് ആന്ധ്രയിൽ നിന്നും നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിക്കൊണ്ടു വന്ന 60 കിലോ കഞ്ചാവുമായി പേരൂർ ആലഞ്ചേരി തെള്ളകം കളപ്പുരയ്ക്കൽ ജോസ് (40), തലയാഴം തോട്ടകം തലപ്പുള്ളിൽ ഗോപു (27) എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാ സംഘത്തലവൻ അലോട്ടിയ്ക്കും ലോറി ഉടമ അപ്പുവിനുമായാണ് കഞ്ചാവ് ജില്ലയിലേയ്ക്കു എത്തിച്ചതെന്നു കണ്ടെത്തിയത്. ആന്ധ്രയിൽ നിന്നും ലോഡ് ഒന്നുമില്ലാതെ ലോറിയിലാണ് കഞ്ചാവ് എത്തിച്ചത്.
30 പാഴ്സൽ കഞ്ചാവ് കോട്ടയത്തേക്കു കൊണ്ടു വരുന്പോളാണ് കുറുപ്പന്തറയിൽ നിന്നും പോലീസ് സംഘം ഇതു പിടികൂടുന്നത്. വാറ്റുചാരായം കൈവശം വച്ചതിനു ഗാന്ധിനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ അലോട്ടിയിപ്പോൾ പാലാ സബ് ജയിലിൽ റിമാൻഡിലാണ്.
കഞ്ചാവ് കേസിൽ സബ് ജയിലിൽ എത്തിയ പോലീസ്, കോടതിയുടെ അനുമതിയോടെ അലോട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അപ്പുവിനെ കുറുപ്പന്തറ ഭാഗത്തു നിന്നും പിടികൂടിയത്.
അപ്പുവും അലോട്ടിയും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായും ഇരുവരും കാരിയർമാരായ ജോസിന്റെയും ഗോപുവിന്റെയും അക്കൗണ്ടിലേക്കു പണം ഇട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കടുത്തുരുത്തി എസ്ഐ ടി.എസ്. റെനീഷ് , എഎസ്ഐ പ്രമോദ്, സീനിയർ സിവിൽ പോലീസ് ഓഫിസർ സൂരജ്, സിവിൽ പോലീസ് ഓഫിസർ അഭിലാഷ് എന്നിവരാണ് ലോറി ഉടമ അപ്പുവിനെ അറസ്റ്റ് ചെയ്തത്.