കോട്ടയം: എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളഞ്ഞ ഗുണ്ടാസംഘം ഇന്നലെയും ഇന്നു പുലർച്ചെയുമായി നടത്തിയത് തേർവാഴ്ച. കോട്ടയം നഗരത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽച്ചസംഘം തിരുവാർപ്പിൽ വീടിനുനേരെ പടക്കബോംബെറിഞ്ഞു. മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ യുവാവിനെ ക്രൂരമായി മർദ്ദിച്ചു.
എക്സൈസ് സംഘത്തെ ആക്രമിച്ചു കടന്നുകളഞ്ഞ ആർപ്പുക്കര കോലേട്ടന്പലത്തിനുസമീപമുള്ള ജയ്സ് മോന്റെ(അലോട്ടി 26) നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്.കോട്ടയം ടിബിയ്ക്കുസമീപം താമസിക്കുന്ന ഷാഹുൽ ഹമീദിനാണു വെട്ടേറ്റത്. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു സംഭവം.
കഞ്ചാവ് മാഫിയ തലവനും സംഘവും ആർപ്പുക്കര കോലേട്ടന്പലത്തിനുസമീപമുള്ള ജയ്സ് മോന്റെ(അലോട്ടി 26) യുടെ വീട്ടിൽ ഉണ്ടെന്നുള്ള വിവരം ഏറ്റുമാനൂർ എക്സൈസ് സംഘത്തിനു നൽകിയത് ഷാഹുൽ ഹമീദ് ആണെന്നു പറഞ്ഞായിരുന്നു ആക്രമണമെന്ന് ഇയാൾ രാഷ്ട്രദീപികയോടു പറഞ്ഞു. മാഫിയ സംഘത്തിൽപ്പെട്ടതും എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പ്രതികളായവരാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി തന്നെ ആക്രമണ സംഘത്തിലെ ആളുകൾ ഷാഹുലിനെ വിളിച്ച് നീയല്ലേ ഉദ്യോഗസ്ഥർക്കു വിവരം ചോർത്തി കൊടുത്തതെന്നു ചോദിച്ചിരുന്നു. പുലർച്ചെ മൂന്നിനു വീട്ടിലെത്തി കല്ലുകൊണ്ട് ജനൽ ചില്ല് എറിഞ്ഞുടച്ച് ശബ്ദമുണ്ടാക്കി ഷാഹുലിനെ വീടിന്റെ പുറത്തിറക്കിയശേഷം വടിവാളിനു വെട്ടുകയായിരുന്നു.
പരിക്കേറ്റ ഷാഹുലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഷാഹുലിനെ ആക്രമിച്ച സംഘം ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ബാറിനുസമീപം ആശുപത്രിയിലെത്തിയ ഒരു യുവാവിനെ ക്രൂരമായി മർദ്ദിച്ചു. ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സതേടി.
ഇതേസംഘം കോട്ടയം തിരുവാർപ്പ് ഭാഗത്തെ ഒരു വീടിനുനേരേ ബോംബ് എറിഞ്ഞ് ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. ഇന്നലെ രാത്രി 7.30നു തിരുവാതുക്കലിലും പീന്നിട് കുടയംപടിയിലും അലോട്ടിയുടെ സുഹൃത്ത് അയ്മനം സ്വദേശി വിനീത് സഞ്ജയ(30)ന്റെ നേതൃത്വത്തിലുള്ള സംഘം ഭീഷണി മുഴക്കിയിരുന്നു.
ആദ്യം തിരുവാതുക്കൽ ഭാഗത്ത് എത്തിയ ഇയാൾ കഞ്ചാവ് വിൽപ്പനക്കാരനായ ഒരു യുവാവിനെ അന്വേഷിച്ചെങ്കിലും പ്രദേശവാസികൾ അറിയില്ലെന്ന് പറഞ്ഞതോടെയായിരുന്നു വിനീത് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തുടർന്നു 8.15നു കുടയംപടിയിലെ കടയിൽ എത്തി മൊബൈൽ ഫോണ് റീച്ചാർജ് ചെയ്തശേഷവും വടിവാൾ വീശി ഭീഷണി മുഴക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.