കോട്ടയം: ഗുണ്ട അലോട്ടിക്ക് കേസുകളുടെ എണ്ണത്തിൽ കുറവില്ല. കഞ്ചാവ്, മയക്കുമരുന്ന്, ക്വട്ടേഷൻ, അക്രമം, പോലീസ്, എക് സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കേസുകളുടെ എണ്ണം എത്രയെന്നു പോലും അലോട്ടിക്കും തിട്ടമില്ല. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി ജയിലിൽ അടച്ചെങ്കിലും പുറത്തിറങ്ങിയാൽ അക്രമമാണ്. സൈനികനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഇന്നലെ അറസ്റ്റിലാകുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.
അലോട്ടി ഉൾപ്പെടെ നാലു പേരെയാണു ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ആർപ്പൂക്കര സ്വദേശി വിഷ്ണുവിനെ (22) ആക്രമിച്ചതിന് ആർപ്പൂക്കര വില്യൂന്നി കൊപ്രായിൽ ജയ്സ്മോൻ (അലോട്ടി, 24), കോലേട്ടന്പലം ഉന്പുകാട്ട് ജീമോൻ (24), കോലേട്ടന്പലം പാലത്തൂർ ടോമി ജോസഫ് (22), പുല്ലരിക്കുന്ന് കുട്ടത്തിൽ ജിത്തു ജോസഫ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ വില്ലൂന്നിഭാഗത്ത് ആൾ താമസമില്ലാത്ത വീട്ടിൽ ഒളിവിലാണെന്നു ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് വിവരം കിട്ടിയതനുസരിച്ച് എസ്ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. സൈനികനായ വിഷ്ണു അടുത്തിടെയാണ് അവധിക്ക് നാട്ടിൽ വന്നത്.
തിങ്കൾ രാത്രി 10നു മെഡിക്കൽകോളജിനു സമീപത്തെ ബാറിലാണ് അലോട്ടിയും സംഘവും വിഷ്ണുവിനെ ആക്രമിച്ചത്. വാക്കേറ്റത്തിനിടെ ബിയർകുപ്പി പൊട്ടിച്ചു കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വയറിന്റെ ഭാഗത്തു കുത്താൻ ശ്രമിക്കുന്നതിനിടെ തട്ടിമാറ്റിയതിനാൽ കൈയ്ക്കാണു മുറിവേറ്റത്. മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യപിച്ചു പാട്ടുപാടുന്നതിനിടെ മൊബൈൽ ഫോണ് ബെല്ലടിച്ചതിൽ ക്ഷുഭിതനായ അലോട്ടി ബിയർ ബോട്ടിൽ പൊട്ടിച്ച് സമീപത്തിരുന്ന പട്ടാളക്കാരനെ കുത്തുകയായിരുന്നു. കുത്തേറ്റ പട്ടാളക്കാരനെ നിലത്തിട്ട് ചവിട്ടിയശേഷം അക്രമി സംഘം രക്ഷപ്പെട്ടു.
ബാറിനുള്ളിൽ തൊട്ടടുത്ത സീറ്റുകളിലാണ് രണ്ടു സംഘങ്ങളും ഇരുന്നിരുന്നത്. അലോട്ടിയുടെ സംഘത്തിലെ യുവാവ് പാട്ട് പാടി. പാട്ട് പാടുന്നതിനിടെ തൊട്ടപ്പുറത്തെ സീറ്റിലിരുന്ന വിഷ്ണുവിന്റെ മൊബൈൽ ഫോണ് ബെല്ലടിച്ചു. ഇതേച്ചൊല്ലി ഇരുസംഘങ്ങളും തമ്മിൽ വാക്ക് തർക്കമുണ്ടായി.
ഇതിനിടെ അലോട്ടി മേശപ്പുറത്തിരുന്ന ബിയർ കുപ്പി പൊട്ടിച്ച് വിഷ്ണുവിന്റെ വയറ്റിൽ കുത്തുകയായിരുന്നു. കുത്തേറ്റ് പിന്നിലേക്കു മറിഞ്ഞു വിഷ്ണു വീണു. കുത്തേറ്റു വീണ വിഷ്ണുവിനെ ഉപേക്ഷിച്ച് നാലു പേരും ബാറിൽനിന്നു രക്ഷപ്പെട്ടു. പരിക്കേറ്റു കിടന്ന വിഷ്ണുവിനെ ബാർ ജീവനക്കാർ ചേർന്നാണു മെഡിക്കൽ കോളജ് ആശുപത്രിൽ എത്തിച്ചത്.
സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികൾ ആർപ്പൂക്കര ഭാഗത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾ ഇവിടെ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണു പിടിയിലാകുന്നത്.
ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ എക്സൈസുകാരെ ആക്രമിച്ച കേസിലും ബോംബ് പിടിച്ചെടുത്ത കേസിലും ജയിലിലായിരുന്ന അലോട്ടി രണ്ടുമാസം മുന്പാണു ജാമ്യത്തിൽ ഇറങ്ങിയത്. ചിങ്ങവനത്ത് ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണം തട്ടിയത് ഉൾപ്പെടെ 20 കേസുകൾ ഇയാൾക്ക് എതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു.
അടിപിടി, വധശ്രമം, ക്വട്ടേഷൻ കേസുകളിൽ പ്രതിയായ അലോട്ടിയെ ഗുണ്ടാലിസ്റ്റിൽ പെടുത്തി. അറസ്റ്റിലായ കൂട്ടുപ്രതികളും അടിപിടി ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതികളാണെന്നു പോലീസ് അറിയിച്ചു. എഎസ്ഐമാരായ സജിമോൻ, സജി, സിവിൽ പോലീസ് ഓഫിസർമാരായ ഷൈനു, ഷൈൻ എന്നിവരും അറസ്റ്റിൽ പങ്കെടുത്തു.