കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അലോട്ടി അടക്കം രണ്ടുപേർ അറസ്റ്റിൽ. ആർപ്പൂക്കര കോലേട്ടമ്പലം കൊപ്രയിൽ വീട്ടിൽ ( പുതുപ്പള്ളി കൊച്ചുമറ്റം ഭാഗത്ത് ഇപ്പോൾ താമസം) അലോട്ടി എന്നു വിളിക്കുന്ന ജെയിസ് മോൻ (30), മീനടം അടമ്പുകാട് ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ ടിജോ കെ.തോമസ് (38) എന്നിവരെയാണു ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ജെയിസ് മോനും ടിജോയും സുഹൃത്തുക്കളും കഴിഞ്ഞദിവസം രാത്രി 10.30നു പുതുപ്പള്ളി പേരച്ചുവട് ഭാഗത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ വെളിയിലിറക്കി മർദിക്കുകയും കൈയിൽ കരുതിയിരുന്ന കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവിന്റെ പിതാവ് ജെയിസ് മോനെതിരേ മുൻപ് പോലീസിൽ പരാതി നൽകിയതിലുള്ള വിരോധത്തിലാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.
തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു. അലോട്ടിക്ക് ഗാന്ധിനഗർ, കിടങ്ങൂർ, തിരുവല്ല, തൃക്കൊടിത്താനം, വള്ളികുന്നം, കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ്, ഏറ്റുമാനൂർ, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഈസ്റ്റ് സ്റ്റേഷൻ എസ്ഐ നെൽസൺ, സിപിഒമാരായ പ്രതീഷ് രാജ്, അജിത്, അജേഷ്, അരുൺ, അനീഷ്, ഗിരീഷ്, രാജീവ്,സരീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു.