കോട്ടയം: നിരവധി കേസുകളിൽ പ്രതിയായ ആർപ്പൂക്കര കോലേട്ടന്പലം സ്വദേശി ജിസ്മോൻ (അലോട്ടി) ഇപ്പോഴും കാണാമറയത്ത്. നഗരത്തിലും സമീപപ്രദേശങ്ങളിലും രാത്രിയെന്നോ പകലെ ന്നോ ഭേദമില്ലാതെ ആക്രമണം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവരുന്ന അലോട്ടിയെയും സുഹൃത്തുക്കളെയും പിടികൂടാൻ പോലീസ് നടത്തുന്ന ശ്രമങ്ങൾ ഒാരോന്നും പരാജയപ്പെടുകയാണ്.
അലോട്ടിയും സുഹൃത്തുക്കളും കഴിഞ്ഞദിവസം കോട്ടയം നഗരത്തിലും തിരുവാർപ്പ്, അയ്മനം പ്രദേശങ്ങളിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഒരാളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനു പിന്നിലെന്നു പറയുന്നു.
കഞ്ചാവ് മാഫിയയുടെ പ്രവർത്തനങ്ങൾ എക്സൈസ് സംഘത്തിനു കൈമാറിയെന്ന ആരോപണത്തെത്തുടർന്നാണ് നഗരത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് അലോട്ടിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നാടൻ ബോംബ് കണ്ടെടുത്തു. ഏറ്റുമാനൂരിൽ കഴിഞ്ഞ ദിവസം എക്സൈസ് സംഘത്തെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയാണു അലോട്ടി.
എക്സൈസ് സംഘത്തെ ആക്രമിച്ച കേസിൽ പോലീസ് അന്വേഷിക്കുന്ന സംഘം കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആക്രമണ പരന്പര നടത്തുകയാണ്. പോലീസിന് ഇതുവരെ ഇവരെ പിടികൂടാൻ സാധിച്ചിട്ടില്ല. അലോട്ടിക്കെതിരെയുള്ള പോലീസിന്റെ നീക്കം പരാജയപ്പെടുന്നതിനു പിന്നിൽ പോലീസിൽനിന്ന് വിവരങ്ങൾ ചോരുന്നതുമൂലമാണോയെന്നും സംശയം ഉയർന്നിട്ടുണ്ട്.
അലോട്ടി തങ്ങുന്ന സ്ഥലങ്ങളിൽ പോലീസ് റെയ്ഡിനു എത്തുന്നതിനു തൊട്ടു മുന്പ് ഗുണ്ടാസംഘം മുങ്ങുകയാണ് പതിവ്. ഇത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നഗരത്തിലെ വൻ കഞ്ചാവ് മാഫിയയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഗുണ്ടകൾ തമ്മിലുള്ള ഇടപെടലാണു അക്രമത്തിലേക്ക് നയിക്കുന്നതെന്നും പറയുന്നു. മൊത്തകച്ചവടക്കാരുടെ നിയന്ത്രണം ഈഗുണ്ടാസംഘത്തിന്റെ നിയന്ത്രണത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും പറയുന്നു.