കോട്ടയം: ഗുണ്ടാസംഘത്തലവൻ അലോട്ടി അകത്തെങ്കിലും സംഘം പുറത്തു സജീവം. കാപ്പ ചുമത്തി കരുതൽ തടങ്കലിൽ കഴിയുന്ന അലോട്ടിയെ ജയിൽ മാറ്റുന്നതിനിടെ പോലീസിനെ ആക്രമിച്ച സംഭവം മുൻകൂട്ടി പദ്ധതിയിട്ടതോ എന്ന സംശയം ഉയരുന്നു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു കോട്ടയം ജില്ലാ ജയിലിലേക്കു മാറ്റുന്നതിനിടെ ഗുണ്ടാ സംഘത്തലവൻ ആർപ്പൂക്കര കൊപ്രായിൽ ജെയിസ്മോൻ ജേക്കബാ(അലോട്ടി-27)ണു പോലീസുകാരെ ആക്രമിച്ചത്.
അലോട്ടിയെ തടയാൻ ശ്രമിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥരെ ഇയാളുടെ കാവലിനായി എത്തിയ ഗുണ്ടാസംഘം നടുറോഡിൽ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ തിരുവനന്തപുരം സ്വദേശികളും സിവിൽ പോലീസ് ഓഫിസർമാരുമായ മഹേഷ് രാജ്, പ്രദീപ് എന്നിവർക്കു പരിക്കേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ കഐസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലായിരുന്നു സംഭവം. അലോട്ടിയുടെ സഹോദരനടക്കമുള്ള സംഘമാണോ പോലീസിനെ അക്രമിച്ചതെന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കൊലപാതകമുൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ അലോട്ടിയെ ഒരു വർഷം മുന്പാണ് കാപ്പ ചുമത്തി തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയത്.
അലോട്ടി നൽകിയ അപേഷയിൽ കോട്ടയം സബ് ജയിലിലേക്കു മാറ്റുകയായിരുന്നു. ഇതിനായാണ് തിരുവനന്തപുരത്തുനിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ അലോട്ടിയെ ഇന്നലെ കഐസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിച്ചത്.
ഇവിടെ അലോട്ടിയെ കാത്ത് ഇയാളുടെ ബന്ധുക്കളും ഗുണ്ടാസംഘവും കാത്തു നിന്നിരുന്നു.
ബസ് സ്റ്റാൻഡിനു സമീപത്തെ കടയിൽ കയറിയ പ്രതി വെള്ളം കുടിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ബന്ധുക്കളെ കാണാനും ഇയാൾ ശ്രമിച്ചു.
ഇതിനെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞു. ഇതോടെ ഇയാൾ കൈവിലങ്ങ് ഉപയോഗിച്ചു പോലീസുകാരനായ മഹേഷിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണം തടയാൻ പ്രദീപ് ശ്രമിച്ചതോടെ അനുയായികളായ ഗുണ്ടാസംഘം ആക്രമണം അഴിച്ചു വിട്ടു. നാട്ടുകാർ ഓടിക്കൂടിയതോടെ എംസി റോഡിൽ ഗതാഗതവും തടസപ്പെട്ടു.
കൂടുതൽ പോലീസ് സംഘം സ്ഥലത്ത് എത്തുമെന്ന സ്ഥിതി എത്തിയതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു. ഒരാളെ പിടികൂടി. പിന്നീട് അലോട്ടിയെയുമായി പോലീസ് ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ ജില്ലാ ജയിലിൽ എത്തി.
ഉദ്യോഗസ്ഥർ രണ്ടു പേരും വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ ധരിപ്പിച്ചു. പോലീസുകാരെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അലോട്ടി അടക്കം കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട ഗുണ്ടകൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.