ആലപ്പുഴ: പ്രണയം വിലക്കിയതിന്റെ പേരിൽ മകൾ ജീവൻ ഒടുക്കിയതിനെത്തുടർന്ന് പിതാവ് കാമുകന്റെ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് പിഴയോടുകൂടിയ ജീവപര്യന്തം കഠിന തടവിന് അഡിഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചു.
കാമുകന്റെ അമ്മയായ പുന്നപ്ര ലക്ഷ്മി നിവാസിൽ ശശിധരന്റെ ഭാര്യ പത്മിനിയെ (52) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പുന്നപ്ര പഞ്ചായത്തിൽ പത്താം വാർഡിൽ പനക്കൽ വീട്ടിൽ ഹരിദാസിനാ(56)ണ് ജീവപര്യന്തം കഠിനതടവും ആറുലക്ഷം രൂപ പിഴയടയ്ക്കാനും ആലപ്പുഴ അഡിഷണൽ ഡിഡ്ട്രിക്ട് ആൻഡ് സെഷൻ കോടതി ജഡ്ജ് എ. ഇജാസ് ശിക്ഷിച്ചത്.
അടക്കുന്ന പിഴത്തുക കൊല്ലപ്പെട്ട പത്മിനിയുടെ ഭർത്താവ് ശശിധരനും മകൻ അനീഷിനും നൽകാനും കോടതി ഉത്തരവായി. 302-ാം വകപ്പ് പ്രകാരം കൊലപാതകം നടത്തിയതിനു 12 വർഷം(ജീവപര്യന്തം) കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും 449-ാം വകുപ്പ് അനുസരിച്ച് കൊലപാതകം നടത്തുക എന്നലക്ഷ്യത്തോടെ വീടുകയറി അക്രമിച്ചതിനു 10വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതി.
പിഴ അടച്ചില്ലെങ്കിൽ ശിക്ഷാ കാലാവധിക്കു പുറമേ ഒന്നര വർഷം കൂടി കഠിനതടവ് അനുഭവിക്കണം.
2012 ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത മകൾ ഹരിത കാമുകൻ അനീഷിനോടൊപ്പം പോകാൻ തയാറായ വിവരം അറിഞ്ഞ ഹരിദാസ് വീട്ടിൽ നിന്നും പുറത്തേക്ക് വിട്ടില്ല.
തുടർന്ന് മുറിയിലെ ഫാനിൽ ഹരിത തൂങ്ങിമരിക്കുകയായിരുന്നു. സംഭവശേഷം അനീഷിനെ അന്വേഷിച്ച് ഹരിദാസ് വീട്ടിൽ എത്തിയെങ്കിലും അമ്മ പത്മിനി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
അനീഷിനെ കിട്ടാത്ത ദേഷ്യത്തിൽ ഹരിദാസ് പത്മിനിയെ വെട്ടിവീഴ്ത്തി. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പത്മിനി മരിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.
ഹരിദാസിനെ പ്രതിയാക്കി പുന്നപ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 19സാക്ഷികളെ വിസ്തരിച്ചു.
പതിനാലു പ്രമാണങ്ങളും, പതിനൊന്നു തൊണ്ടിമുതലുകളും തെളിവിലേക്കു ഹാജരാക്കി. പ്രതിഭാഗത്തുനിന്നും ഒരു സാക്ഷിയെ വിസ്തരിക്കുകയും തെളിവിലേക്കു ആറു പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു.
സംഭവസമയം ഹരിതക്ക് 17ഉം അനീഷിന് 19ഉം വയസ് മാത്രമായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.കെ. രമേശൻ , അഡ്വ. പി.പി. ബൈജു, അഡ്വ. പി.എൻ. ശൈലജ എന്നിവർ ഹാജരായി.