എടത്വ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകഴി കേളമംഗലത്ത് വീണ്ടും പൊട്ടി. 52-ാം തവണയാണ് പൈപ്പ് പൊട്ടുന്നത്.
അമ്പലപ്പുഴ-എടത്വ റോഡില്‍ കേളമംഗലം പാലത്തിനോടു ചേര്‍ന്നുള്ള ഭാഗത്താണ് ഇന്നലെ രാത്രി 8.30 ന് പൈപ്പ് പൊട്ടിയത്. ഇതേതുടര്‍ന്ന് ആലപ്പുഴ ശുദ്ധജലവിതരണം ദിവസങ്ങളോളം തടസപ്പെടും.
പൈപ്പ് പൊട്ടിയപ്പോള്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ റോഡിന് ഇരുവശങ്ങളിലുമുള്ള കടയിലേക്ക് മണ്ണും ഗ്രാവലും കയറി.
റോഡിന്റെ വടക്ക് വശത്തെ മുല്ലശ്ശേരില്‍ സുധാകരന്റെ പലചരക്കുകടയില്‍ വെള്ളവും മണ്ണും കയറി പഞ്ചസാര ഉള്‍പെടെ നിരവധി സാധനങ്ങള്‍ നശിച്ചു.
കട അടച്ച സമയമായതിനാല്‍ കൂടുതല്‍ നാശനഷ്ടം ഉണ്ടായില്ല. റോഡിന്റെ തെക്കുവശത്തേ ചെന്താമരാക്ഷന്റെ ഉടമസ്ഥയിലുള്ള ക്വാളിറ്റി ഹോളോബ്രിക്സ് കടയില്‍ മണ്ണ് കയറി ഇഷ്ടിക ഉള്‍പ്പെടെ മണ്ണിനടിയിലായിട്ടുണ്ട്.
റോഡിന്റെ നടുഭാഗം പൂര്‍ണമായും ഇടിഞ്ഞു താണിരിക്കുകയാണ്. 50 മീറ്റര്‍ എങ്കിലും പൊളിച്ച് പണിതാല്‍ മാത്രമേ റോഡ് പൂര്‍വ സ്ഥിതിയിലാക്കാന്‍ സാധിക്കുകയുള്ളു.
രാത്രിയില്‍ പൊലിസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തിയാണ് ഗതാഗതം നീയന്ത്രിച്ചത്. പൊട്ടിയ സ്ഥലത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്.