എടത്വ: അമിത വേഗതയിൽ വാഹനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ വേഗം കുറപ്പിച്ച് റിട്ട. അധ്യാപകൻ. വാഹനങ്ങളുടെ അമിത വേഗതയിൽ അടിക്കടി ജീവൻ പൊലിയുന്ന തിരുവല്ലാ-അന്പലപ്പുഴ റോഡിലെ പച്ചയിലാണ് അധ്യാപകൻ വാഹനങ്ങളുടെ വേഗം കുറപ്പിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് അവഗണിച്ച റോഡിൽ റിട്ട. അധ്യാപകൻ സിഗ്നൽ നടപ്പിലാക്കുകയാരുന്നു.
എടത്വ-തകഴി സംസ്ഥാന പാതയിൽ പച്ച ജംഗ്ഷനിൽ റോഡിൽ സ്ലോയെന്ന് മഞ്ഞ പെയിന്റ് ഉപയോഗിച്ച് എഴുതിയാണ് പച്ച തട്ടുപുരയ്ക്കൽ ടി.ടി. ഫ്രാൻസിസ് സിഗ്നൽ നടപ്പാക്കിയത്. പച്ച -ചെക്കിടിക്കാട് സെന്റ് സേവ്യേഴ്സ് യുപി സ്കൂളിലെ മുൻ പ്രഥമ അധ്യാപകനാണ്. എടത്വ -തകഴി റോഡിൽ അപകട മരണം തുടർകഥയായിട്ടും പൊതുമരാമത്ത് വകുപ്പോ പോലീസോ യാതൊരു നടപടിയും സ്വീകരിച്ചില്ല. പച്ചയിലെ ഹയർ സെക്കൻഡറി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസേന നൂറുകണക്കിനു വിദ്യാർഥികളാണ് എത്തുന്നത്.
റോഡ് നവീകരണം പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും ജംഗ്ഷനിൽ നടപ്പാതയോ സിഗ്നലോ സ്ഥാപിക്കാൻ പൊതുമരാമത്ത് റോഡ് വിഭാഗം തയാറായില്ല. ടി.ടി. ഫ്രാൻസിസ് ആവശ്യം ഉന്നയിച്ച് പല തവണ അധികാരികളെ സമീപിച്ചിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിക്കാതെ വന്നതോടാണ് റിട്ട. അധ്യാപകൻ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ജംഗ്ഷനിലും സമീപ സ്ഥലങ്ങളിലുമായി വലുതും ചെറുതുമായി 25 ഓളം അപകടം നടന്നിരുന്നു.
വീട്ടമ്മ ഉൾപ്പെടെ നാലുപേർ അപകടത്തിൽ മരിച്ചിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരും നിരവധിയുണ്ട്. അപകടം തുടർന്നിട്ടും ജംഗ്ഷനിൽ സിഗ്നൽ സ്ഥാപിക്കാനും പിൻവലിച്ച ഹോം ഗാർഡിനെ തിരിച്ചുവിളിക്കാനും അധികൃതർക്ക് കഴിഞ്ഞിട്ടില്ല.