
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ സ്വന്തം വീട്ടിൽ ആറു മാസത്തോളം ഭക്ഷണവും വെള്ളവും നൽകാതെ മുറിയിൽ പൂട്ടിയിടപ്പെട്ട യുവതിയെ സന്നദ്ധ പ്രവർത്തകർ രക്ഷിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
രാജ്കോട്ടിലെ സാധുവസാനി സ്വദേശിനിയായ അൽപ സെജ്പാൽ (25) ആണ് മരിച്ചത്. സാതി സേവാ ഗ്രൂപ്പ് എന്ന എൻജിഒ അവളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ അൽപ മരിച്ചു.
സിഎ വിദ്യാർഥിനിയായിരുന്നു അൽപ. കഴിഞ്ഞ ആറുമാസമായി അൽപയെ വീടിനുള്ളിൽ പൂട്ടിയിരിക്കുകയായിരുന്നു. വീട്ടുകാർ അൽപയ്ക്ക് കാര്യമായി ഭക്ഷണവും വെള്ളവും നൽകിയിരുന്നില്ല. കഴിഞ്ഞ എട്ടു ദിവസമായി ഒരിക്കൽപോലും ഭക്ഷണവും വെള്ളവും നൽകിയില്ല.
ഇതോടെ ആൽപ അബോധാവസ്ഥയിലായി. അയൽവാസികൾ അറിയച്ചതിനെ തുടർന്ന് സാതി സേവാ എന്ന സംഘടനയിലെ പ്രവർത്തകർ ആൽപയുടെ വീട്ടിലെത്തുകയും അബോധാവസ്ഥയിൽ കണ്ടെത്തുകയുമായിരുന്നു. പെൺകുട്ടിയുടെ മുറിയിൽ മൂത്രം നിറഞ്ഞ പ്ലാസ്റ്റിക് ബാഗും കണ്ടെത്തി.
പോലീസും സന്നദ്ധ പ്രവർത്തകരും വീട്ടിലെത്തിയെങ്കിലും ഉള്ളിലേക്ക് കടക്കാൻ വീട്ടുകാർ അനുവദിച്ചില്ല. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് മുറി തുറന്നത്. വായിലൂടെ നുരപുറത്തുചാടി അബോധാവസ്ഥയിലായിരുന്നു ആ സമയം പെൺകുട്ടി.
ഉടൻ തന്നെ പോലീസും സന്നദ്ധ പ്രവർത്തകരും ആൽപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൽപയെ വീട്ടുകാർ മൂത്രവും കുടിപ്പിച്ചിരുന്നതായി പറയുന്നു. മതവിശ്വാസത്തിന്റെ ഭാഗമായാണ് വീട്ടുകാർ ഈ കൊടും ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസ് നൽകുന്ന സൂചന.