ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പത്തുപേർ പോലീസ് കസ്റ്റഡിയിൽ. അക്രമികളുടേതെന്നു സംശയിക്കുന്ന രണ്ടു ബൈക്കും കണ്ടെടുത്തിട്ടുണ്ട്.
മണ്ണഞ്ചേരി ഭാഗത്ത് ഉപേക്ഷിച്ച നിലയിലാണ് ബൈക്കുകൾ കണ്ടെത്തിയത്. ബൈക്കിൽ രക്തക്കറയുള്ളതായും പറയുന്നു.
പന്ത്രണ്ടംഗ കൊലയാളി സംഘമാണ് രഞ്ജിത്തിനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഇവരുടെ വരവെന്നാണ് പോലീസ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയും വിരളമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
ഒരു ബൈക്ക് മാത്രം…
ജില്ലയില്‍ നിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകര്‍ തന്നെയാണ് കൃത്യത്തിന്റെ പിന്നിലെന്നാണ് കരുതുന്നത്.
കൊലയാളികളെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നുണ്ട്.
വീടിനു പുറത്തുനിന്ന സംഘം രഞ്ജിത്തിന്റെ അമ്മ പി.വി. വിനോദിനിയോടു രഞ്ജിത്ത് വക്കീലിന്റെ വീടല്ലേ ഇതെന്നു ചോദിച്ചു ഉറപ്പിക്കുകയും ചെയ്തിരുന്നുവത്രെ. പിന്നീടാണ് ഇവര്‍ അകത്തേക്കു കയറിയതും ആക്രമിച്ചതും.
വടിവാളുകൊണ്ടും കൂടം കൊണ്ടുമായിരുന്നു ആക്രമണം. കൃത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ തിരിച്ചുപോകുമ്പോള്‍ ഒരു ബൈക്ക് മാത്രം വെള്ളക്കിണര്‍ ഭാഗത്തേക്കു പോയതായും സിസിടിവി ദൃശ്യത്തില്‍ കാണാം.
ഒരു പക്ഷേ, ഇതു വഴി കാണിക്കാനെത്തിയവരാകാമെന്നും സംശയിക്കുന്നു. ഇതിനിടെ രഞ്ജിത്തിന്റെ കൊലപാതകത്തിലുള്പ്പെട്ടവര് മണ്ണഞ്ചേരിയില്‍ എത്തിയിരുന്നതായും സംശയിക്കുന്നുണ്ട്.
എസ്ഡിപിഐ നേതാവ് ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം തന്നെ തിരിച്ചടി നടത്തിയതിനാല്‍ എസ്ഡിപിഐയില്‍ തന്നെ ഏറ്റവും തീവ്രസ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണോ ഇതിനുപിന്നിലെന്നും സംശയിക്കുന്നു.
പ്രതികാരമെന്ന്…
എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു ആര്‍എസ്എസ്പ്രവര്‍ത്തകര്‍ ഇന്നലെ അറസ്റ്റിലായിരുന്നു.
മണ്ണഞ്ചേരി പൊന്നാട് കാവച്ചിറ വീട്ടില്‍ പ്രസാദ് എന്ന രാജേന്ദ്രപ്രസാദ്, കലവൂര്‍ കുളമാക്കിവെളിയില്‍ കുട്ടന് എന്ന രതീഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഇവര്‍ക്ക് കൃത്യത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ മുഖ്യപങ്കുവഹിച്ചയാളാണ് പ്രസാദ് എന്നാണ് പോലീസ് പറയുന്നതും.
കൊലപാതകികള്‍ക്കു വേണ്ടി വാഹനം സംഘടിപ്പിച്ചു നല്‍കിയത് പ്രസാദായിരുന്നു. വാഹനവും കണിച്ചുകുളങ്ങരയില്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും കണ്ടെത്തി.
തീര്ഥാടനയാത്രയ്ക്കെന്നു പറഞ്ഞായിരുന്നു കാര്‍ വാടകയ്ക്കെടുത്തത്. രണ്ടുമാസത്തോളമായി ഇതിന്റെ ആസൂത്രണം നടത്തിവരുന്നുണ്ടായിരുന്നുവെന്നാണ് സൂചന.
കേസിലെ മറ്റു പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വയലാറിലെ ആര്‍എസ്എസ് പ്രവര്ത്തകന് നന്ദുകൃഷ്ണയുടെ കൊലപാതകത്തിന്റെ പ്രതികാരമായിട്ടെന്നോണമാണ് ഷാനിന്റെ കൊലപാതകം നടത്തിയതെന്നാണ് പറയുന്നത്.
ഷാന്‍ വധക്കേസില്‍ പിടിയിലായ രണ്ടുപേരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.