ആലപ്പുഴ: റബർ ഫാക്ടറി റോഡിലുള്ള പോലീസ് ക്വാർട്ടേഴ്സിൽ അമ്മയും മക്കളും മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ നിന്നും മാറാതെ പോലീസും ഭീതിയൊഴിയാതെ നഗരവാസികളും.
രാത്രി വൈകിയുള്ള ഭർത്താവ് റനീസിന്റെ ഫോണ്വിളികളെ ചൊല്ലിയാണ് പ്രധാനമായും വീട്ടിൽ തർക്കമുണ്ടായിരുന്നതെന്ന് സൂചനയുണ്ട്.
ഇടക്കാലത്ത് പോലീസ് സ്റ്റേഷനിലടക്കം പരാതി നൽകുകയും പരിഹാര ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു.
റെനീസും കുടുംബവും കഴിഞ്ഞ നാല് വർഷമായി ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ഇവർക്കൊപ്പം താമസിച്ചിരുന്ന നജിലയുടെ മാതാവ് ലൈലാ ബീവി നാലു ദിവസം മുന്പാണ് കൊല്ലത്തെ വീട്ടിലേക്കു മടങ്ങിയത്.
റെനീസിന്റെ മാനസിക പീഡനമാണ് യുവതിയുടെയും മക്കളുടെയും മരണത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
ആത്മഹത്യ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ പോലീസെത്തി പരിശോധന നടത്തി.
അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്പലപ്പുഴ തഹസിൽദാർ സി.പ്രേംജിയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽകോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ രാവിലെ സംഭവമറിഞ്ഞ് ക്വാർട്ടേഴ്സിലെ സ്ത്രീകളും കുട്ടികളും കൂട്ട കരച്ചിലായി.
കഴിഞ്ഞ ദിവസം വരെ ക്വാർട്ടേഴ്സിൽ കളിച്ചും ചിരിച്ചും ഓടി നടന്ന കുരുന്നുകളുടെ മൃതദേഹങ്ങൾ കണ്ട് പോലീസുകാരുടെ കണ്ണുകളും നിറഞ്ഞു.
തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടിയിലായിരുന്ന റെനീസ് ഭാര്യയെ ഇന്നലെ രാവിലെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
ഇതോടെ ക്വാർട്ടേഴ്സിലെ മറ്റൊരു ഉദ്യോഗസ്ഥനോട് വീട്ടിലെത്തി പരിശോധിക്കാൻ ആവശ്യപ്പെട്ടു.
താഴത്തെ നിലയിലെ താമസക്കാരായ പോലീസുദ്യോഗസ്ഥനും ഭാര്യയും മൂന്നാം നിലയിലെത്തി വാതിലിൽ മുട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല.
തൊട്ടടുത്ത മുറികളിലെ താമസക്കാരുമെത്തി ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഈ സമയം റെനീസ് ക്വാർട്ടേഴ്സിൽ മടങ്ങിയെത്തി.
രാവിലെ 9.30ഓടെ ഫയർഫോഴ്സെത്തി വാതിൽ തുറന്നതോടെയാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് അയൽവാസികളും ബന്ധുക്കളും പറയുന്നു.
കുടുംബപ്രശ്നം പോലീസിനു മുന്നിലും
ജോലിയിൽ നിന്ന് അവധിയെടുത്ത് വിദേശത്തും തിരികെ വന്ന് പോലീസിലും ജോലി ചെയ്തിരുന്ന റെനീസ് ഭാര്യയുമായി നിരന്തരം വഴക്കടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നെന്ന് അയൽവാസികളായ സ്ത്രീകൾ പറയുന്നു.
സേനയിലുള്ള അധികം പേരുമായി റെനീസിന് സൗഹൃദങ്ങളുമില്ല. ഉപദ്രവം അസഹനീയമായപ്പോൾ ഭാര്യ നജില ജില്ലാ പോലീസ് മേധാവിക്ക് മുന്നിലും പരാതിയുമായി എത്തിയിരുന്നു.
മേലിൽ പ്രശ്നങ്ങൾ ഉണ്ടാവരുതെന്ന് എസ്പി നിർദ്ദേശം നൽകിയതിനു ശേഷവും ഉപദ്രവം തുടർന്നതായി സ്ത്രീകൾ പറയുന്നു.
ഇന്നലെ ഇവിടെയത്തിയ എസ്പി, ക്വാർട്ടേഴ്സിലെ താമസക്കാരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്സിൽ ബഹളമുണ്ടായിരുന്നെന്നും സഹപ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്.
സംഭവമറിഞ്ഞ് വൻ പോലീസ് സന്നാഹം ഇവിടെയത്തിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഭർത്താവ് റെനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.