ആലപ്പുഴ: നെഹ്റുട്രോഫി ജലമേള കണ്ടുമടങ്ങവേ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ പ്രതികളായ മൂന്നു യുവാക്കളെ റിമാന്റു ചെയ്തു. പൂന്തോപ്പ് നോർത്ത് ആര്യാട് വള്ളികാട് വീട്ടിൽ വി.സി. തോമസാ (ബാബു-43) ണു മരിച്ചത്.
കഴിഞ്ഞ 31 നായിരുന്നു കേസിനാസ്പദനമായ സംഭവം. ജലമേള കണ്ടുതിരിച്ചു വരുന്പോൾ പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിനു സമീപം കൊല്ലപ്പള്ളി ക്ഷേത്രത്തിനു സമീപം പാട്യം എഎൻടിയുസി ജംഗ്ഷനിൽ വച്ച് ബാബുവും മൂന്നു യുവാക്കളും തമ്മിൽ തർക്കമുണ്ടായി.
തർക്കത്തെ ചോദ്യം ചെയ്ത ബാബുവിനെ കുറച്ചു സമയങ്ങൾക്കു ശേഷം ഒരു കടയിൽ കയറിയ സമയത്ത് സംഘടിച്ചെത്തിയ യുവാക്കൾ ബാബുവിനെ മർദിക്കുകയായിരുന്നു. ക്രൂരമായി മർദിച്ച യുവാക്കളിലൊരാൾ സമീപത്തു കിടന്ന ഇന്റർലോക്ക് കട്ട ഉപയോഗിച്ച് ബാബുവിന്റെ തലയ്ക്കടിച്ചു.
അടിയേറ്റു വീണ ബാബുവിനെ അവിടെ ഉപേക്ഷിച്ച ശേഷം യുവാക്കൾ കടന്നു. റോഡിൽ വീണ് കിടന്ന ബാബുവിനെ അജ്ഞാതർ മർദിച്ചിട്ട് പോയെന്നായിരുന്നു കൂടെയുണ്ടായിരുന്നവർ ആദ്യം പറഞ്ഞത്. തുടർന്നു നടന്ന അന്വേഷണത്തിൽ മൂന്ന് പേർ ചേർന്ന്് ബാബുവിനെ മർദിക്കുന്ന ദൃശ്യം സിസിടിവി കാമറയിൽ നിന്ന് പോലീസിന് ലഭിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. പൂന്തോപ്പ് വാർഡ് കൃഷ്ണവിലാസത്തിൽ സുരേഷ് (19), കറവരു പറന്പിൽ അമൽ ഷാജി (22), ജില്ലാക്കോടതി വാർഡ് മുപ്പതിൽ ചിറയിൽ അനൂപ് അനന്തൻ (19) എന്നിവരെയാണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു റിമാൻഡു ചെയ്തത്.
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. മുൻവൈരാഗ്യമല്ല മർദനത്തിനു കാരണമെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് സംഘട്ടനത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു. നാലു കുട്ടികളുടെ തണലാണ് ബാബുവിന്റെ മരണത്തോടെ ഇല്ലാതായത്. മേഴ്സി (ത്രേസ്യാമ്മ) യാണ് ബാബുവിന്റെ ഭാര്യ. അപ്പു (10), അമ്മു (എട്ട്), അച്ചു (അഞ്ച്) ആൽബിൻ (നാല്) എന്നിവർ മക്കളാണ്.